ന്യൂദല്‍ഹി: വ്യാപം അഴിമതിക്കേസന്വേഷണവുമായി സംസ്ഥാന സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍. സിബിഐ അടക്കമുള്ള മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കേസ് കൈമാറുന്നതില്‍ മധ്യപ്രദേശ് സര്‍ക്കാരിന് യാതൊരു വിരോധവുമില്ലെന്നും ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ഹൈക്കോടതിയാണെന്നും ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു.
വ്യാപം കേസുമായി സംസ്ഥാന സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്നും മാധ്യമപ്രവര്‍ത്തകന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും ചൗഹന്‍ പറഞ്ഞു. മരണത്തേപ്പറ്റി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന അപേക്ഷയുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. ദുരൂഹമരണങ്ങളെപ്പറ്റി അന്വേഷിക്കണമന്നാവശ്യപ്പെട്ട് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതാണ്.
കേസന്വേഷണം ഹൈക്കോടതിയുടെ കീഴില്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നും സിബിഐയുടെ ആവശ്യമില്ലെന്നും വ്യക്തമാക്കി ഹൈക്കോടതി തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞത്, ചൗഹാന്‍ പറഞ്ഞു.
വ്യാപം കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ഹൈക്കോടതി ഏറ്റെടുത്തതു മുതല്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ല. ഹൈക്കോടതിക്കോ സുപ്രീംകോടതിക്കോ മുകളിലല്ല സംസ്ഥാന സര്‍ക്കാരെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
റ്റിവി റ്റുഡേ ഗ്രൂപ്പിലെ മാധ്യമപ്രവര്‍ത്തകനായ അക്ഷയ് സിങ് വ്യാപം കേസുമായി ബന്ധപ്പെട്ട വാര്‍ത്ത തയ്യാറാക്കുന്നതിനിടെ കുഴഞ്ഞുവീണാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ദല്‍ഹിയില്‍ ഇന്നലെ അക്ഷയിന്റെ സംസ്‌ക്കാരം നടന്നു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. അക്ഷയിന്റെ മരണം സംബന്ധിച്ച് ദൃശ്യമാധ്യമ എഡിറ്റര്‍മാരുടെ അസോസിയേഷന്‍ പ്രതിഷേഘിച്ചു. വ്യാപം കേസ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കണമെന്ന് എഡിറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്
അതിനിടെ വ്യാപം കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ജബല്‍പൂര്‍ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ.അരുണ്‍ ശര്‍മ്മ(64)യെ ദല്‍ഹി ദ്വാരകയിലെ ഹോട്ടല്‍മുറിയില്‍ ഇന്നലെ കണ്ടെത്തി. ആയിരത്തിലധികം പ്രതികളും രണ്ടായിരത്തിലധികം സാക്ഷികളുമുള്ള കേസിലെ പ്രതികളും സാക്ഷികളുമായ 25പേരാണ് ഇതിനകം വിവിധ സാഹചര്യങ്ങളില്‍ മരണപ്പെട്ടത്. മധ്യപ്രദേശ് ഗവര്‍ണ്ണറും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് രാംനരേശ് യാദവിന്റെ മകന്‍ ശൈലേഷ് യാദവ് അടക്കമുള്ള പ്രമുഖരുടെ നേതൃത്വത്തിലാണ് വ്യാപം അഴിമതി നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
















