ന്യൂദല്‍ഹി: ഐക്യരാഷ്‌ട്ര സഭയില്‍ ഇസ്രായേലിനെതിരേ വോട്ട് ചെയ്യാന്‍ ഭാരതം വിസമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ ആദ്യമായി വിട്ടുനിന്നു.
ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യ ‘സുരക്ഷിത’ നിലപാട് സ്വീകരിച്ചത്. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രി കൂടിയാവും മോദി.
റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനെ അനുകൂലിച്ച് 41 രാജ്യങ്ങള്‍ വോട്ടുചെയ്തു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ് ഇവയില്‍ അധികവും. ഭാരതം ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. കെനിയ, എത്യോപ്യ, പരാഗ്വെ, മസെഡോണിയ എന്നീ രാജ്യങ്ങളാണ് ഭാരത്തിനൊപ്പം വിട്ടുനിന്നത്. പ്രമേയത്തിന് എതിരായി വോട്ടു ചെയ്ത ഏകരാജ്യം അമേരിക്കയാണ്.
അതേസമയം, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ഇസ്രായേലിന് ഇതുവരെ ഉണ്ടാവാത്ത നേട്ടമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അവിടത്തെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലസ്തീനിന്റെ കാര്യത്തില്‍ ഇന്ത്യ ദീര്‍ഘനാളായി സ്വീകരിച്ചു വരുന്ന നിലപാടില്‍ മാറ്റമില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഗാസയില്‍ നടന്നത് യുദ്ധക്കുറ്റമാണെന്ന കമ്മീഷന്റെ കണ്ടെത്തല്‍ അംഗീകരിക്കുകയായിരുന്നു പ്രമേയത്തിലൂടെ ഉദ്ദേശിച്ചിരുന്നത്.
വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടിയെ അഭൂതപൂര്‍വ്വമായ നേട്ടമെന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചത്. പലസ്തീനിയന്‍ വിഷയത്തില്‍ ഭാരതം ദീര്‍ഘകാലമായി കൈക്കൊള്ളുന്ന നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
















