ന്യൂദല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണം കൊണ്ട് കള്ളപ്പണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങള്‍ക്കെഴുതിയ കത്തിലാണ് ഇക്കാര്യം.
ബാങ്കിംഗ് തീരുമാനങ്ങളിലെ രാഷ്‌ട്രീയ ഇടപെടല്‍ പഴയകാര്യമായി മാറി.
കല്‍ക്കരി ലേലവും അലോട്ട്‌മെന്റും സുതാര്യമാക്കി. അതുവഴി 3.35 ലക്ഷം കോടി രൂപ വരുമാനമുണ്ടാക്കാന്‍ കഴിയും. ഖനന നിയമത്തില്‍ പരിഷ്‌ക്കാരം വന്നതോടെ വിവേചനപരമായ രീതികള്‍ മാറി, ലേലം സുതാര്യമായി. കള്ളപ്പണം തടയാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു, കടുത്ത നിയമം പാസാക്കി. മോദി പറഞ്ഞു.
ഡിജിറ്റല്‍ കണക്ടിവിറ്റിയുറപ്പാക്കാന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ഒരു ലക്ഷം കോടി രൂപയുടെ പൊതു നിക്ഷേപമാണ് വകയിരുത്തിയിരിക്കുന്നത്. റെയില്‍വേയെ വളര്‍ച്ചയുടെ ട്രെയിനാക്കി മാറ്റിവരികയാണ്. മുടങ്ങിയ ഹൈവേ പദ്ധതികള്‍ പുനസംഘടിപ്പിച്ചു, നവീകരിച്ചു. ഊര്‍ജ്ജോല്പ്പാദനം ഇതുവരെയുണ്ടാകാത്തത്ര കൂടി. പുതിയ ദേശീയ അടിസ്ഥാന സൗകര്യ വികസന നിക്ഷേപ ഫണ്ട് രൂപീകരിച്ചു. ഇതിന് പ്രതിവര്‍ഷം സര്‍ക്കാര്‍ നല്‍കുന്ന തുക 20,000 കോടി രൂപയാണ്.
സാമ്പത്തിക വളര്‍ച്ച എല്ലാ ഭാരതീയര്‍ക്കും ഗുണകരമാണ്. പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, സ്ത്രീകള്‍ക്കും, ഇടത്തരക്കാര്‍ക്കും പുതിയ ഇടത്തരക്കാര്‍ക്കും അധികാരം ലഭ്യമാകുന്നില്ലെങ്കില്‍ വളര്‍ച്ചകൊണ്ട് അര്‍ഥമില്ല.നമ്മുടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്പ്പന്നങ്ങള്‍ക്ക് നല്ല വില ലഭ്യമാക്കാന്‍ ലോക വ്യാപാര സംഘടനയില്‍ സ്ഥിരം വ്യവസ്ഥ ഏര്‍പ്പെടുത്തി. ലോകത്തേറ്റവും വലിയ സാമ്പത്തിക പദ്ധതി വഴി പാവപ്പെട്ടവരുടെ വീടുകളില്‍ ബാങ്കിംഗ് എത്തിച്ചു. പതിനഞ്ചു കോടിയിലേറെ അക്കൗണ്ടുകളാണ് തുറക്കാന്‍ സാധിച്ചത്. ഇതുവഴി 15,800 കോടി രൂപയാണ് നിക്ഷേപമായി ലഭിച്ചത്.
പെന്‍ഷന്‍, ലൈഫ് ഇന്‍ഷ്വറന്‍സ്, അപകട ഇന്‍ഷ്വറന്‍സ് എന്നീ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ആദ്യ ആഴ്ചയില്‍ തന്നെ 6.75 കോടി പേര്‍ അംഗങ്ങളായി. 20,000 കോടിയുടെ മുദ്രാബാങ്ക് സ്ഥാപിച്ചു. ചെറുകിടബിസിനസുകാരെ സഹായിക്കാനാണിത്. ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത് ഇവരാണെങ്കിലും അവര്‍ക്ക് വായ്‌പ്പ ലഭിക്കാറില്ല.
ഒരുപാട് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. നിങ്ങളുടെ പ്രതീക്ഷകള്‍ വളരെയേറെയാണെന്ന് എനിക്കറിയാം. ഞാന്‍ ചിലപ്പോള്‍ തെറ്റുവരുത്തിയേക്കാമെങ്കിലും പരിശുദ്ധമായ ലക്ഷ്യത്തോടെയാണ് എന്റെ പ്രവര്‍ത്തനങ്ങളെന്നും ഓരോ നിമിഷവും ഞാന്‍ മെച്ചപ്പെട്ട ഭാരതത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഞാന്‍ ഒരു വര്‍ഷം മുന്‍പ് നിങ്ങള്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഞാന്‍ വാക്ക് പാലിച്ചു. നമ്മുടെ സ്വപ്‌നത്തിലെ ഭാരതം യാഥാര്‍ഥ്യമാക്കാന്‍ തുടര്‍ന്നും നിങ്ങളുടെ പിന്തുണയും നിര്‍ദ്ദേശങ്ങളും അനുഗ്രഹങ്ങളും ഞാന്‍ അഭ്യര്‍ഥിക്കുന്നു. മോദി കത്തില്‍ തുടര്‍ന്നു.
















