കൊച്ചി: കേരളത്തിലെ എല്ലാ ജനങ്ങളും സമ്പൂര്‍ണ ഇ-സാക്ഷരരാകുന്നതോടുകൂടി സാമൂഹ്യ മുന്നേറ്റം യാഥാര്‍ഥ്യമാകുമെന്ന് പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ പങ്കാളിത്തത്തില്‍ ജില്ലയില്‍ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയേഴ്‌സിന്റെ സഹകരണത്തോടെ ആരംഭിച്ച സമ്പൂര്‍ണ ഇസാക്ഷരത യജ്ഞത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം വാഴക്കുളം, പായിപ്ര, മാറാടി പഞ്ചായത്തുകളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം.
കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ഇന്ന് അനിവാര്യമാണെന്നും വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ഏറ്റവും താഴെക്കിടയില്‍ എത്തിച്ചാല്‍ മാത്രമേ ദരിദ്രനും ധനികനും തമ്മിലുളള അന്തരം കുറയ്‌ക്കുവാന്‍ സാധിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച്. അബ്ദുള്‍ ജബ്ബാര്‍, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. സിദ്ദിഖ്, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, നാഷണല്‍ സര്‍വ്വീസ് സ്‌കിം ടെക്‌നിക്കല്‍ സെല്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്, ഡോ.നിസാം അഹമ്മദ്, എം.മഹേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ കുറുകുറ്റി, ചെങ്ങമനാട്, ചൂര്‍ണിക്കര, വാഴക്കുളം, പായിപ്ര, മാറാടി, ഒക്കല്‍, നെല്ലിക്കുഴി എന്നീ എട്ടു പഞ്ചായത്തുകളിലാണ് ഒന്നാം ഘട്ട സമ്പൂര്‍ണ ഇസാക്ഷരത പദ്ധതി നടപ്പാക്കുന്നത്.
















