മാവേലിക്കര: അമിതവേഗതയില്‍ എത്തിയ ഓട്ടോറിക്ഷ ഇടിച്ച് അങ്കണവാടി അദ്ധ്യാപികയ്‌ക്കും രണ്ടു പിഞ്ചുകുട്ടികള്‍ക്കും പരിക്കേറ്റു. അങ്കണവാടി അദ്ധ്യാപിക ബുദ്ധ ജങ്ഷന്‍ ആനന്ദഭവനത്തില്‍ വത്സല, വിദ്യാര്‍ത്ഥികളായ ശ്രീദേവ് (മൂന്ന്), പ്രിയദേവ് (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഏപ്രില്‍ 13ന് വൈകിട്ട് മാവേലിക്കര എഇഒ ഓഫീസിനു സമീപമായിരുന്നു അപകടം. അമിതവേഗതയില്‍ ഓട്ടോറിക്ഷ വളവു തിരിഞ്ഞ് വരുന്നത് കണ്ട് വത്സല കുട്ടികളെ വലിച്ചു മാറ്റിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സമീപമുള്ള മതിലില്‍ തലയിടിച്ചാണ് വത്സലയ്‌ക്ക് പരിക്കേറ്റത്. ശ്രീദേവിന്റെ പല്ലുകള്‍ ഒടിഞ്ഞു. പ്രിയദേവിന്റെ കാലിനാണ് പരിക്ക്. മൂവരെയും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















