വിഷമത്തില്‍ നിനക്കെന്തീ കശ്മലം വന്നുകൂടുവാന്‍
അനാര്യക്കൊത്തതസ്വര്‍ഗ്ഗ്യം അയശസ്യമിതര്‍ജ്ജുന;
ക്ലീബത്വമേല്‍ക്കൊല പാര്‍ത്ഥ, നിനക്കൊക്കില്ലിതൊട്ടുമേ,
തുച്ഛമീ ചിത്തദൗര്‍ബല്യം വിട്ടേല്ക്കുക പരന്തപം.
യോഗ്യന്മാര്‍ക്ക് ചേരാത്തതും സ്വര്‍ഗ്ഗപ്രാപ്തിക്ക് ഇടയാക്കാത്തതും കീര്‍ത്തിക്കു കളങ്കം ചേര്‍ക്കുന്നതുമായ ഒരു ചീത്ത പ്രവൃത്തിയായിട്ടാണ് യുദ്ധത്തില്‍നിന്നു പിന്തിരിയുവാനുള്ള അര്‍ജ്ജുനന്റെ സമാരംഭത്തെ ഭഗവാന്‍ വീക്ഷിച്ചത്. ആ മനോഭാവം നിസ്സാരമായ ഹൃദയദൗര്‍ബല്യമായിട്ടും ക്ലീബത്വമായിട്ടുമേ ഭഗവാനു കാണാന്‍ കഴിഞ്ഞുള്ളൂ. മഹാനുഭാവന്മാരായ ഗുരുജനങ്ങളെ കൊന്ന് രാജ്യവും ഭൗതികസുഖങ്ങളും അനുഭവിക്കുന്നതിനേക്കാള്‍ നല്ലത്, പ്രവൃത്തിമാര്‍ഗ്ഗങ്ങളില്‍നിന്നെല്ലാം പിന്തിരിഞ്ഞു ഭിക്ഷാവൃത്തി സ്വീകരിക്കുന്നതാണെന്നുപോലും അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോടു പറഞ്ഞുപോയി. അവസാനം ഇതികര്‍ത്തവ്യതാമൂഢനായി അര്‍ജ്ജുനന്‍ ഭഗവാനെ അറിയിച്ചതിങ്ങനെയാണ്.
കാര്‍പ്പണ്യദോഷാല്‍ സ്വസ്വഭാവം ക്ഷയിച്ചു
ചോദിക്കുന്നേന്‍ ധര്‍മ്മസന്ദേഹിയായ് ഞാന്‍
ശ്രേയസ്സെന്താണോതു നിന്‍ ശിഷ്യനീ ഞാന്‍
ശാസിച്ചാലും കീഴില്‍ നില്‍ക്കുന്നന്നൊരെന്നെ
അര്‍ജ്ജുനന്‍ തന്റെ കുറവുകള്‍ ശ്രീകൃഷ്ണന്റെ മുമ്പില്‍ വിവരിച്ചിട്ട് ശ്രേയോമാര്‍ഗം നിര്‍ദ്ദേശിച്ചുതരണമെന്ന് അപേക്ഷിക്കുന്ന ഒരു ശിഷ്യനായി അദ്ദേഹത്തെ ശരണം പ്രാപിക്കുന്ന ഒരു രംഗമാണ് ഈ ശ്ലോകങ്ങളില്‍കൂടി ഞാന്‍ കാണുന്നത് ഇതുവരെ ഒരു സുഹൃത്തിന്റെ മനോഭാവത്തോടുകൂടിയേ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോടു പെരുമാറിയിരുന്നുള്ളൂ. പക്ഷേ ആ ഘട്ടം മാറിപ്പോയി ശ്രീകൃഷ്ണനെ പരമാചാര്യനായി വരിക്കയാണിപ്പോള്‍ അര്‍ജ്ജുനന്‍ ചെയ്തത്. അതിനു മൂന്നു കാരണമാണ് അര്‍ജ്ജുനനെ പ്രേരിപ്പിച്ചത്. കാര്‍പ്പണ്യദോഷവും ധര്‍മ്മസമ്മൂഢതയും ശ്രേയോവാഞ്ഛയുമാണവ. കൃപണന്റെ ഭാവമാണു കാര്‍പ്പണ്യം.
കൃപണന്‍ എന്നതിന് അനാഥന്‍, ദുര്‍ബലന്‍, ദരിദ്രന്‍,നീചന്‍, മൂര്‍ഖന്‍, പിശുക്കന്‍, ക്ഷുദ്രന്‍ തുടങ്ങി പല അര്‍ത്ഥങ്ങളുമുണ്ട്. ‘കൃപ്ദൗര്‍ബല്യേ’ എന്ന ധാതുവില്‍ നിന്നുണ്ടായതാണ് കൃപണശബ്ദം സ്വജനനാശമോര്‍ത്തു യുദ്ധം ചെയ്യാന്‍ കഴിവില്ലാതെ വന്നതുകൊണ്ടാണ് അര്‍ജ്ജുനന്‍ കൃപണനനായിത്തീര്‍ന്നത്. അതു ക്ഷത്രിയനു ചേരാത്ത ഒരു ദോഷമാണ് കാരണം, ദയാര്‍ഹരല്ലാത്ത ദുരേ്യാധനാദികളുടെ നേരെ അര്‍ജ്ജുനനുണ്ടായ ദയ അസ്ഥാനത്താണ് ദുരേ്യാധനാദികള്‍ ആതതായികളാണെന്ന് അര്‍ജ്ജുനനെ അറിയാം. പുരയ്‌ക്കു തീവയ്‌ക്കുമ്പോള്‍, വിഷം കൊടുക്കുന്നവന്‍, കൊലപാതകി, അന്യന്റെ ധനത്തെയോ സ്ത്രീയേയോ ഭൂമിയെയോ അപഹരിക്കുന്നവന്‍ ഇങ്ങനെയുള്ളവരെല്ലാം ആതതായികളാണെന്ന് ധര്‍മ്മശാസ്ത്രങ്ങള്‍ അനുശാസിക്കുന്നു. അങ്ങനെയുള്ള കുറ്റക്കാരെ എവിടെവച്ചുകണ്ടാലും ആര്‍ക്കും, ഒന്നുംവിചാരിക്കാതെ തന്നെ കൊല്ലാം എന്നാണ് പണ്ടുണ്ടായിരുന്ന നിയമം.
…. തുടരും
















