”ഈശ്വരനെത്തന്നെയാണ് അര്ച്ചിക്കുന്നതെങ്കില്പ്പോലും അത് അശാസ്ത്രീയവും അന്ധതാപൂര്ണവുമായ ഒരു പ്രവൃത്തിയാണ്. കാരണം, ഈശ്വരന് നിര്‍ഗുണനും നിരാകാരനും സര്വ്വവ്യാപിയുമാണെന്ന് എല്ലാ മതശാഖകളും ഒരുപോലെ ഉദ്ഘോഷിക്കുന്നു. അങ്ങനെയുള്ള ഈശ്വരനെ ഒരു സ്ഥലത്ത് ആവാഹിച്ചിരുത്തി പൂജിക്കാനൊക്കുമോ? പൂര്ണ്ണസ്യാവാഹനം കത്ര സര്വ്വാധാരസ്യചാസനം. സ്വച്ഛസ്യ പാദ്യമര്ഘ്യം ച ശുദ്ധസ്യാചമനം കുതഃ? എന്നു തുടങ്ങിയ പദ്യങ്ങളിലൂടെ ശ്രീ ശങ്കരഭഗവദ്പാദരും ഈശ്വരപൂജയെ നിഷേധിച്ചിക്കുണ്ടല്ലോ” എന്നും മറ്റും ഉദ്ഘോഷിച്ചുകൊണ്ട് ഈശ്വരപൂജയെ നിഷേധിക്കാനൊരുങ്ങുന്നവര് ഹിന്ദുക്കളില്‍ത്തന്നെ ദുര്‍ലഭമല്ല. പക്ഷേ അക്കൂട്ടര്‍ ഹിന്ദുമതതത്ത്വങ്ങള്‍ വേണ്ടുംവണ്ണം ഗ്രഹിച്ചിട്ടില്ല. എന്തെന്നാല്‍ ഹിന്ദുമതഗ്രന്ഥങ്ങള്‍ ഈശ്വരനെ നിര്ഗുണനിരാകാരനായും സഗുണസാകാരനായും വര്‍ണ്ണിക്കുന്നുണ്ട്. ”സത്യം ജ്ഞാനമനന്തം ബ്രഹ്മ” ”ഏകമേവാളദ്വിതീയം ബ്രഹ്മ”
”അശബ്ദമസ്പര്‍ശമരൂപമവ്യയം
തഥാളരസം നിത്യമഗന്ധവച്ച യത്
അനാദ്യനന്തം മഹതഃ പരം ധ്രുവം
നിചായ്യ തന്മൃത്യുമുഖാത് പ്രമുച്യതേ.”
(ബ്രഹ്മം ശബ്ദമോ സ്പര്‍ശമോ രൂപമോ രസമോ ഗന്ധമോ ഇല്ലാത്തതാകുന്നു. അതു ക്ഷീണിക്കാത്തതും നശിക്കാത്തതും ആദിയും അന്തവുമില്ലാത്തതും ബുദ്ധിതത്വത്തില്നിന്നു വിലക്ഷണവും നിര്വ്വികാരവുമാകുന്നു. അതിനെ തന്റെ ആത്മാവെന്നറിഞ്ഞ് ജീവന് മരണത്തില്‍ നിന്നു മുക്തനായിത്തീരുന്നു.) മുതലായ വേദവാക്യങ്ങള്‍ ഈശ്വരന്റെ നിര്ഗുണനിരാകാരവും പൂര്‍ണവുമായ പരമാര്ത്ഥഭാവത്തെയാണു പ്രകാശിപ്പിക്കുന്നത്. എന്നാല്‍ ”ഇന്ദ്രാ മായാ ഭിഃ പുരുരൂപ ഈയതേ” ”സോളകാമയത ബഹു സ്യാംപ്രജായേയേതി” ”സഹസ്ര ശീര്ഷാ പുരുഷഃ സഹസ്രാക്ഷഃ സഹസ്രാപാത്. സ ഭൂമിം വിശ്വതോ വൃത്വാ അത്യതിഷ്ഠദശാംഗുലം”, ‘ഏക ഏവഹി ഭൂതാത്മാ ഭൂതേഭൂതേ വ്യവസ്ഥിതഃ എകധാ ബഹുധാ ചൈവ ദൃശ്യതേ ജലചന്ദ്രവത്’ എന്നു തുടങ്ങിയ വേദമന്ത്രങ്ങള്‍ വെളിപ്പെടുത്തുന്നത് ഈശ്വരന്റെ സഗുണ സാകാരരൂപത്തെയാണ് ഇതുകൊണ്ടു സ്പഷ്ടമാകുന്നത് നിരുപാധികമായ നിര്ഗുണനിരാകാരഭാവമെന്നതുപോലെ സോപാധികമായ സഗുണസാകാരഭാവംകൂടി ഈശ്വരനുണ്ടെന്നാണല്ലോ.
ചിന്മയസ്യാദ്വിതീയസ്യ നിര്ഗുണസ്യാശരീരിണഃ
ഉപാസകാനാം കാര്യാര്‍ത്ഥം ബ്രഹ്മണോ രൂപകല്പനാ
(ബ്രഹ്മസ്വരൂപമായ ഈശ്വരന് ശരീരരഹിതനും ജ്ഞാനസ്വരൂപനും ഭേദരഹിതനും നിര്‍ഗുണനുമാണ്. എന്നാല്‍ ഉപാസകന്മാരായ ഭക്തന്മാര്ക്കുവേണ്ടി ആ ഈശ്വരന് തന്റെ സ്വാതന്ത്ര്യശക്തിയാല് സഗുണസാകാരഭാവം കൈക്കൊണ്ടിരിക്കുകയാണ്) എന്നുള്ള ശ്രുതിവാക്യം ഈശ്വരന്റെ സാകാരഭാവത്തെ അംഗീകരിക്കുന്നു.
”ചിന്മയസ്യാപ്രമയസ്യ നിര്ഗുണസ്യാശരീരിണഃ
സാധകാനാം ഹിതാര്‍ത്ഥായ ബ്രഹ്മണോ രൂപ കല്പനാ”
എന്നുള്ള ”ക്ളാര്ണ്ണവ” തന്ത്രവാക്യവും, സാധകന്മാരെ അനുഗ്രഹിക്കുന്നതിനുവേണ്ടി ഈശ്വരന് സാകാരഭാവം എടുക്കുന്നു എന്നു സമര്‍ത്ഥിക്കുന്നു. അതുപോലെ ശ്രീശങ്കര ഭഗവദ്പാദര്‍, ശ്രീരാമാനുജാചാര്യര്‍, ശ്രീമധ്വാചാര്യര്, ശ്രീരാമാനന്ദാചാര്യര്, ശ്രീചൈതന്യദേവന്‍ തുടങ്ങിയ ആചാര്യപ്രവരന്മാരും ഈശ്വരന്റെ സഗുണസ്വകാരാഭാവത്തെ ഉപദേശിച്ചിട്ടുള്ളവരാണ്. ഈ ആചാര്യന്മാരില് ശ്രീശങ്കരഭഗവത്പാദര്‍ അദ്വൈതവാദിയാണല്ലോ. അദ്ദേഹം ഏകവും നിര്‍ഗുണവും നിരാകാരവുമായ ബ്രഹ്മതത്വം മാത്രമേ പരമാര്ത്ഥവസ്തുവായിട്ടുളള എന്ന് സിദ്ധാന്തിച്ചിട്ടുണ്ട്. പക്ഷേ വ്യാവഹാരി ദൃഷ്ടിയില് ബ്രഹ്മത്തിന് മായികമായ രൂപം കൂടിയുണ്ടെന്ന് അദ്ദേഹം ഉപദേശിക്കുന്നു. ”പരമേശ്വരസ്യാപി ഇച്ഛാവശാത് മായാമയം രൂപം സാധകാനുഗ്രഹാര്ത്ഥം”, നിര്ഗുണമപി തദ് ബ്രഹ്മനാമരൂപഗതൈര്ഗുണൈഃ സമുണമുപാസനാര്ത്ഥം തരൂ തത്രോപദിശ്യതേ” ”ആകാര വിശേഷോപദേശ ഉപാസനാര്ത്ഥോ ന വിരുദ്ധ്യതേ.” സാധകന്മാരെ അനുഗ്രഹിക്കുന്നതിനായി പരമേശ്വരന് സ്വേച്ഛാനുസാരം മായാമയമായ രൂപമെടുക്കുന്നു. ആ ബ്രഹ്മം നിര്ഗുണമാണെങ്കിലും നാമരൂപങ്ങളിലുള്ള ഗുണങ്ങള്‍ നിമിത്തം സഗുണമായി ശാസ്ത്രങ്ങളില്‍ അവിടവിടെ ഉപാസനയ്ക്കുവേണ്ടി ഉപദേശിക്കപ്പെടുന്നു. ഉപാസനയ്ക്കുവേണ്ടി ഈശ്വരന്റെ ആകാരവിശേഷത്തെക്കുറിച്ചുപദേശിക്കുന്നത് ഒരിക്കലും അദ്വൈതമതത്തിനു വിരുദ്ധമല്ല. എന്നിങ്ങനെ പല ഭാഷ്യഭാഗങ്ങളിലും ശ്രീശങ്കരഭഗവദ്പാദര്‍ പറഞ്ഞിട്ടുള്ളതില്‍നിന്ന് സഗുണപരമേശ്വരാര്ച്ചനം ശാസ്ത്രാനുഗൃഹീതമായ ഒരു സമ്പ്രദായമാണെന്നുതന്നെ അദ്ദേഹത്തിനും അഭിപ്രായമുണ്ടെന്നു നമുക്കു മനസ്സിലാക്കാം.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: