തിരുവനന്തപുരം: പിഎസ്‌സിയില്‍ മൂല്യ നിര്‍ണയ പിഴവ്. 10 ചോദ്യങ്ങള്‍ പരിശോധിക്കാതെ റാങ്ക് പട്ടിക തയാറാക്കി. പിഴവ് കണ്ടെത്തിയത് ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്പ്ടീവ് പ്ലാനിംഗ് വിഭാഗം ചീഫ്, പ്ലാനിംഗ് കോര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷ മൂല്യ നിര്‍ണയത്തില്‍. ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വിഭാഗം ചീഫ് പരീക്ഷയില്‍ ഒന്നാം റാങ്കും നിയമനവും ലഭിച്ചത് ഇടത് സര്‍വീസ് സംഘടനാ നേതാവിന്. ആസൂത്രിത നീക്കം പുറത്തായതോടെ പിഎസ്‌സി പട്ടിക റദ്ദാക്കി.
ആസൂത്രണ ബോര്‍ഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാന്‍ ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗത്തില്‍ തീരുമാനിച്ചു. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കും. മാര്‍ക്കിടാതെ വിട്ട 10 ഉത്തരങ്ങള്‍ വീണ്ടും മൂല്യനിര്‍ണയം നടത്തും. കൂടാതെ മൂല്യ നിര്‍ണയ പിഴവില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് തസ്തികയ്‌ക്കും പൊതുവായ പരീക്ഷയിലെ 10 ചോദ്യങ്ങള്‍ ഒഴിവാക്കിയായിരുന്നു മൂല്യനിര്‍ണയം. ഉത്തരക്കടലാസിനായി അപേക്ഷ നല്‍കിയിട്ടും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയില്ല.
2023 ജൂലൈ 13നാണ് പ്രാഥമിക പരീക്ഷ നടന്നത്. 228 പേരാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ മെയ് 31ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മൂന്ന് വര്‍ഷമായിട്ടും ഉത്തരക്കടലാസ് നല്‍കാന്‍ കമ്മീഷന്‍ തായറായില്ല. പേപ്പര്‍ ഒന്നിലെ 9 മുതല്‍ 18 വരെയുള്ള 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടുകളഞ്ഞു. 100മാര്‍ക്കില്‍ 58 മാര്‍ക്കിന്റെ ഉത്തരങ്ങളാണ് ഇത്തരത്തില്‍ പരിശോധിക്കാതിരുന്നത്. 42 മാര്‍ക്കില്‍ മാത്രം മൂല്യനിര്‍ണയം നടത്തിയാണ് അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തിയത്. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് വഴി നടത്തിയ മൂല്യനിര്‍ണയത്തിലാണ് ക്രമക്കേട് നടന്നത്. പുനര്‍മൂല്യ നിര്‍ണയം നടത്തുന്നതോടെ റാങ്ക് പട്ടിക മാറും. മറ്റൊരു തസ്തികയിലേക്ക് അഡൈ്വസ് മെമ്മോ അയച്ചിരുന്നു. ഇടതക്കം റദ്ദാകും.
















