അപഗ്രന്ഥനവും നേതിഭാവനയും വിചാരവും അനേ്വഷണവും സത്യവസ്തുവിനെ സ്പര്‍ശിക്കുന്നില്ല. ഇവയ്ക്കെല്ലാം പ്രകൃതിയുടെ സീമക്കുള്ളിലേ പ്രസക്തിയുള്ളൂ. എന്നാല്‍ ആരിലാണോ ഭക്തിയുടെ പ്രവാഹം ഉറവ എടുത്തിട്ടുള്ളത് ആ ആള് അപ്പോള്‍ ഈശ്വരനെ സ്പര്‍ശിച്ചിട്ടുണ്ടാവും. ഈശ്വരപ്രവാഹം അറിഞ്ഞിട്ടുണ്ടാവും. ഈശ്വരനുമായി താദാത്മ്യം പ്രാപിച്ചിരിക്കും ഇതാണു ഭക്തിയുടെ പരമോല്‍കൃഷ്ട പദവി.
ഈശ്വരനെ പ്രാപിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. അവിടെ എത്താനുള്ള ദൂരം അത്ര ദീര്ഘവുമല്ല. ഈശ്വരന് നിങ്ങളുടെ സ്വന്തം ആത്മാവ് തന്നെ. അവിടുന്ന് നിങ്ങളുടെ ഹൃദയക്ഷേത്രത്തില്‍ ഉജ്ജ്വലപ്രഭയോടെ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ഒരു ആവരണമുണ്ടെന്നുമത്രം. ആ ആവരണം മാറ്റണം. ഈശ്വരകൃപയ്ക്ക് മാത്രമേ അതിനു കഴിവുള്ളൂ. ഭക്തിയും പ്രാര്‍ത്ഥനയും ധര്‍മ്മാചരണവും വഴി ആ കൃപയെ ആവാഹിക്കുക. ക്ഷമാപൂര്‍വം കാത്തിരിക്കുവിന്‍.
ജ്ഞാനത്തില്‍ ഭക്തി സഹജമായിട്ടുണ്ട്. ജ്ഞാനം ഭക്തിയിലും ഒന്നിനെ മറ്റൊന്നില്‍നിന്നു അടര്‍ത്തിമാറ്റുക സാദ്ധ്യമല്ലാ കര്‍മ്മത്തില്‍ ജ്ഞാനവും ഭക്തിയും സമന്വയിക്കുമ്പോള്‍ അത് യോഗമായി പര്യവസാനിക്കുന്നു. ഈ സമന്വയത്തിന്റെ അഭാവത്തില്‍ കര്‍മ്മം വാസനയായി പര്യവസാനിക്കുന്നു. ഈ സമന്വയത്തിന്റെ അഭാവത്തില്‍ കര്‍മ്മം വാസനയായി പരിണമിക്കും.
അപ്രകാശിതങ്ങളായ വാസനകള്‍ സങ്കല്പങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. സങ്കല്പങ്ങള് പ്രവര്‍ത്തിയായി സ്വയം പ്രകടമാകും. അതുകൊണ്ട് പ്രവര്‍ത്തികളുടെ നന്മയും തിന്മയും വാസനകളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. അപ്പോള്‍ ഒരുല്കൃഷ്ടജീവിതം പടുത്തുയര്‍ത്താനും ഒരാളുടെ കര്‍മ്മങ്ങള്‍ വിശുദ്ധീകരിക്കാനുമുള്ള മാര്‍ഗ്ഗമെന്താണ്! അതോ, പറയാം. യോഗത്തിലേക്ക് നയിക്കുന്ന സാധനകളുടെ പരിശീലനം അന്തരംഗത്തില്‍ വിവേകവും അപഗ്രന്ഥനവും ബാഹ്യകര്‍മ്മങ്ങളില്‍ ധാര്മ്മികതേജസ്സ് ഇവയാണ് സുശിക്ഷിതനായ ഒരാളെ യോഗഫലത്തില്‍ നയിക്കുന്ന ജീവിതരീതി.
ശരണാഗതി മുഖേന അഹങ്കാരത്തെ ഉപേക്ഷിക്കുകയും ഇൗശ്വരനാല് നയിക്കപ്പെടാന്‍ സ്വയം വിധേയനാവുകയും ചെയ്യുക. ഇതുകൊണ്ടു മാത്രമേ കര്‍മ്മാചരണം കളങ്കരഹിതമാകയുള്ളൂ. ഈശ്വര സാക്ഷാത്കാരം നേടിയവനുമാത്രമേ സത്യത്തേയും നീതിയേയും പ്രേമത്തെയും ധര്‍മ്മത്തെയും അറിയാന്‍ കഴിയൂ. അസതലത്തില് ഒളിച്ച് കളിക്കുന്ന അജ്ഞര്ക്ക് ഇവയെപ്പറ്റിയൊക്കെ എന്തറിയാം.
സകല മാര്‍ഗ്ഗങ്ങളും ശരണാഗതിയില്‍ ചെന്നവസാനിക്കുന്നു. അവിടെ വ്യക്തിപരമായ അഹന്തയും അഹന്തയില്‍ കേന്ദ്രീകൃതമായ പ്രയത്നങ്ങളും അപ്രത്യക്ഷമാകുന്നു. ഈശ്വരന് പ്രചോദകനും കര്‍ത്താവും ഭോക്താവും ഫലദായകനുമായി പരിലസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: