163. യോഗനിദ്രാഃ – വിഷ്ണുഭഗവാനോട് ചേര്‍ന്ന് ഭഗവാനെ ഉറത്തിലാക്കുന്ന മഹാമായ. യോഗമായ ഭഗവാനെ ഉറക്കത്തിലാക്കുമ്പോള് പ്രപഞ്ചം ഇല്ലാതായിത്തീരുന്നു. അപ്പോള്‍ കാരണജലം മാത്രം അവശേഷിക്കും. ആ കാരണജലത്തില്‍ അനന്തതല്പത്തില് ഭഗവാന് നിദ്രയില്‍ ലയിക്കും. ആ നിദ്ര ദേവീരൂപമാണ്. യോഗനിദ്ര ഭഗവാന്റെ ശരീരത്തില്‍നിന്നും പിന്മാറുമ്പോള് ഭഗവാന് ഉണരുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ഇത് മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ പരാമര്‍ശിച്ചിരുന്നു.
164. യോഗമായാഃ – നിര്‍വികാരമായ ബ്രഹ്മത്തിന്റെ സൃഷ്ടിചോദകശക്തി, സൃഷ്ടിദിവാഞ്ചര ബ്രഹ്മം സ്വീകരിക്കുമ്പോള്‍ ബ്രഹ്മചൈതന്യത്തില്‍ നിന്ന് പ്രകൃതിയും പുരുഷനും ഉണ്ടാകുന്നു. സൃഷ്ടിസ്ഥിതി സംഹാരൂപമായ പ്രപഞ്ചപ്രവര്‍ത്തനത്തിനായി പുരുഷചൈതന്യം ബ്രഹ്മാവും വിഷ്ണുവും ശിവനുമായി പിരിയും. പ്രകൃതി ബ്രാഹ്മി, വൈഷ്ണവി, മാഹേശ്വരി എന്നു മൂന്നുരൂപങ്ങള്‍ സ്വീകരിക്കും. ഈ മൂന്നു രൂപങ്ങളും ചിലപ്പോള്‍ ഒരുമിച്ചും ചിലപ്പോള്‍ വെവ്വേറെയും പ്രവര്‍ത്തിക്കും. ഏകീഭവിക്കുന്ന രൂപമാണ് യോഗമായ. യോഗമായ അനുവദിക്കുന്നിടത്തോളമേ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്ക്കു പ്രവര്‍ത്തിക്കാനാകുകയുള്ളൂ.
165. യോഗിഗമ്യാഃ – യോഗികള്‍ക്കു പ്രാപ്യ ആയവള്. ”യോഗശ്ചിത്തവൃത്തിനിരോധഃ” എന്നു പതഞ്ജലീയോഗസൂത്രം. ചിത്തവൃത്തികളെ നിയന്ത്രിച്ച് മനസ്സിനെയും ബുദ്ധിയെയും ദേവിയുടെ നേര്ക്കാക്കുന്നതു യോഗം, , ലയയോഗം, ഹംസയോഗം, രാജയോഗം എന്നു നാലുവിധത്തിലുള്ള യോഗസാധനകളില്‍ ഒന്നോ അതിലധികമോ ശീലിച്ചവരെ യോഗിമാരെന്നു പറയുന്നു. യോഗിമാര്‍ യോഗസാധനകൊണ്ട് ദേവിയെ പ്രാപിക്കുന്നു.
166. യുഗന്ധരാഃ – യുഗങ്ങളെ ധരിപ്പിക്കുന്നവള്. കാലം അളക്കാന്‍ മനുഷ്യര്‍ ഉണ്ടാക്കിയ ഒരു തോതാണു യുഗം. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലുയുഗങ്ങളും ഒന്നിനെത്തുടര്‍ന്ന് മറ്റൊന്നെന്നക്രമത്തില് തുടരുന്നു. യുഗങ്ങളെ ധരിക്കുന്നവളായി ദേവിയെ സ്തുതിക്കുമ്പോള്‍ സര്വനിധാമകമായ കാലത്തെ നിയന്ത്രിക്കുന്നവള്‍ എന്നാണു സങ്കല്പിക്കുന്നത്.
യുഗശബ്ദത്തിനു രണ്ടുചേര്ന്നത് എന്നും നുകം എന്നും അര്‍ത്ഥമുണ്ട്. പ്രപഞ്ചത്തില്‍ പിരിക്കാനാകാത്ത അനേകം ഇരട്ടകളുണ്ട്. ഇരുട്ടും വെളിച്ചവും, സുഖവും ദുഃഖവും, ചൂടും തണുപ്പും, ജ്ഞാനവും അജ്ഞാനവും, ജനനവും മരണവും തുടങ്ങി പലതുണ്ട്. ഇവയെല്ലാം ദ്വന്ദ്വരൂപത്തില് ദേവി ധരിക്കുന്നു എന്നു വ്യാഖ്യാനിക്കാം.
ബഹുസഹസ്രം കൈകളില്‍ ദേവി ധരിക്കുന്ന ആയുധങ്ങളില്‍ ഒന്നു നുകമാണ്. രണ്ടു കാളകളെയോ കുതിരകളെയോ ചേര്‍ത്ത് ഒരേ ലക്ഷ്യത്തിലേക്ക് വാഹനത്തെയോ കലപ്പയെയോ നയിക്കാനുപയോഗിക്കുന്ന നീണ്ട ദണ്ഡ്. നുകം കൈയില്‍ ധരിക്കുന്നവള്‍, ലോകഗതിയെ നിയന്ത്രിക്കുന്നവള്‍. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നവള് എന്നും വ്യാഖ്യാനിക്കാം.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: