പരീക്ഷിതേ കഥാം വക്തും സഭായാം സംസ്ഥിതേ ശുകേ
സുധാകുംഭം ഗൃഹീതൈ്വവ ദേവാസ്തത്ര സമാഗമന്‍
ശുകം നത്വാവദന് സര്‍വ്വേ സ്വകാര്യകുശലാഃ സുരാഃ
കഥാസുധാം പ്രയച്ഛസ്വ ഗൃഹീതൈ്വവ സുധാമിമാം
ഏവം വിനിമയേ ജാതേ സുധാ രാജ്ഞാ പ്രപീയതാം
പ്രപാസ്യാമോ വയം സര്‍വ്വേ ശ്രീമദ്ഭാഗവതാമൃതം
ക്വ സുധാ ക്വ കഥാ ലോകേ ക്വ കാചഃ ക്വ മണിര്മ്മഹാന്
ബ്രഹ്മരാതോ വിചാരൈ്യവം തദാ ദേവാന് ജഹാസ ഹ
അഭക്താംസ്താംശ്ച വിജ്ഞായ ന ദദൗ സ കഥാമൃതം
ശ്രീമദ് ഭാഗവതീ വാര്‍ത്താ സുരാണാമപി ദുര്‍ല്ലഭാ
പരീക്ഷിത്ത് മഹാരാജാവിനോട് കഥ പറയുവാനായി ശുകബ്രഹ്മര്‍ഷി സഭയില്‍ ആസനസ്ഥനായപ്പോള്‍ ദേവഗണങ്ങള്‍ അമൃതകലശവുമേന്തി അവിടെ എത്തിച്ചേര്‍ന്നു. അവരെല്ലാവരും തങ്ങളുടെ കാര്യം നേടാനായി (സ്വാര്‍ത്ഥരായി) ശുകനെ വന്ദിച്ചു പറഞ്ഞു. ‘ഭവാന് ഈ അമൃതകലശം ഏറ്റുവാങ്ങി ഞങ്ങള്‍ക്കു കഥാമൃതം പകരം തരിക. അവിടുന്ന് അപ്രകാരം ചെയ്യുന്നതായാല്‍ പരീക്ഷിത്ത് രാജാവിന് അമൃതം നുകര്‍ന്ന് മരണമില്ലാത്തവനാകാം. ഞങ്ങളെല്ലാവരും ഇനി മേലില്‍ ശ്രീമദ്ഭാഗവതാമൃതം നുകര്‍ന്നു കൊള്ളാം.’ ഇതുകേട്ട് ബ്രഹ്മരാതനായ ശുകബ്രഹ്മര്‍ഷി, കഥയെവിടെ? അമൃതെവിടെ?കാച(മണ്‍കട്ട)മെവിടെ ? മഹാരത്നമെവിടെ? എന്ന് ആത്മഗതം ചെയ്തശേഷം ദേവകളെ നോക്കി മന്ദഹസിച്ചു. ദേവന്മാര്ക്ക് ഭാഗവതലബ്ധിക്കു തക്കവണ്ണം ഭക്തിയില്ലെന്നു കാണുകയാല്‍ അദ്ദേഹം അവര്‍ക്ക് കഥാമൃതം നല്‍കിയില്ല. അല്ലയോ ശൗനകാ, ഭാഗവതകഥാമൃതം ദേവന്മാര്‍ക്കുകൂടി ദുര്‍ല്ലഭമാകുന്നു.
രാജ്ഞോ മോക്ഷം തഥാ വീക്ഷ്യ പുരാ ധാതാപി വിസ്മിതഃ
സത്യലോകേ തുലാം ബദ്ധ്വാ തോലയത്സാധനാന്യജഃ
ലഘൂന്യന്യാനി ജാതാനി ഗൗരവേണ ഇദം മഹത്
തദാ ഋഷിഗണാഃ സര്‍വ്വേ വിസ്മയം പരമം യയുഃ
മേനിരേ ഭഗവദ്രൂപം ശാസ്ത്രം ഭാഗവതം കലൗ
പഠനാച്ഛ്രവണാത്സദ്യോ വൈകുണ്ഠഫലദായകം
സപ്താഹേന ശ്രുതം ചൈതത് സര്‍വ്വഥാ മുക്തിദായകം
സനകാദൈ്യഃ പുരാ പ്രോക്തം നാരദായ ദയാപരൈഃ
യദ്യപി ബ്രഹ്മസംബന്ധാച്ഛ്രുതമേതത് സുരര്‍ഷിണാ
സപ്താഹശ്രവണവിധിഃ കുമാരൈസ്തസ്യ ഭാഷിതഃ
പണ്ട് പരീക്ഷിത്തു മഹാരാജാവിന് ഭാഗവതശ്രവണം മൂലം മോക്ഷം കൈവന്നതുകണ്ട് ആശ്ചര്യപ്പെട്ട ബ്രഹ്മദേവന് സത്യലോകത്തില്‍ വെച്ച് തൂക്കിനോക്കിയപ്പോള്‍ മറ്റ് മോക്ഷസാധന വസ്തുക്കളേക്കാള്‍ ഭാഗവതത്തിന് കനം കൂടുതലായി കണ്ടു. ഇതു നേരില്‍ക്കണ്ട് ഋഷിമാര്‍ ആശ്ചര്യപരതന്ത്രരായി. ഭൂമിയില്‍ ഈ കലിയുഗത്തില്‍ ഭഗവാന്റെ പ്രത്യക്ഷ ശരീരമാണ് ഭാഗവതം എന്ന് അവര്‍ അഭിപ്രായപ്പെട്ടു. പാരായണം ചെയ്യുകയോ കേള്‍ക്കുകയോ ചെയ്താല്‍ തല്‍ക്ഷണം വൈകുണ്ഠലോകം ലഭിക്കും. (ഒരു വര്‍ഷംകൊണ്ട് ഭാഗവതം മുഴുവന്‍ ശ്രവിച്ചാല്‍ വളരെ സുഖങ്ങള്‍ കൈവരും. ഒരു മാസം കൊണ്ട് മുഴുവനും ശ്രവിച്ചാല്‍ ഭക്തിയുണ്ടാകും.) ഏഴു നാള്‍കൊണ്ട് സമ്പൂര്‍ണ്ണമായി ശ്രവിച്ചാലോ മുക്തി കൈവരും)
ഇത് പണ്ട് സനകാദികള്‍ മനസ്സുതെളിഞ്ഞ് നാരദമഹര്‍ഷിക്കു പറഞ്ഞുകൊടുക്കുകയുണ്ടായി (സനകന്‍, സനന്ദന്‍, സനാതനന്, സനല്ക്കുമാരന് എന്നീ നാലു മഹര്ഷിമാരെയാണു സനകാദികള്‍ എന്നു വിവക്ഷിക്കുന്നത്. ബ്രഹ്മാവിന്റെ മാനസപുത്രന്മാരാണു സനകാദികള്‍. മഹാവിഷ്ണുവിന്റെ ഇരുപത്തിയാറ് അവതാരങ്ങളില്‍ ഈ നാലു മുനിമാരും ഉള്‍പ്പെടുന്നു. ദശാവതാരങ്ങളേക്കൂടാതെ മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളായ നാരദന്, നരനാരായണന്മാര്, കപിലന്, ദത്താത്രേയന്, യജ്ഞന്, ഋഷഭന്, പൃഥു, മോഹിനി, ഗരുഡന്, ധന്വന്തരി, വ്യാസന്, ബുദ്ധന്, സനകാദികള്‍ എന്നിവരെക്കുറിച്ച് ഭാഗവതം പ്രഥമസ്കന്ധം മൂന്നാമദ്ധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.) നാരദ മഹര്‍ഷി ഭാഗവതം ബ്രഹ്മദേവനില്‍ നിന്നും നേരത്തേ ശ്രവിച്ചിരുന്നു. എങ്കിലും ഏഴുനാള്‍ കൊണ്ട് ഭാഗവതം വായിച്ചുകേള്‍ക്കുക എന്ന സപ്താഹശ്രവണവിധി നാരദന് മനസ്സിലാക്കിയത് സനകാദികളില്‍ നിന്നാണ്.
ശൗനക ഉവാച
ലോകവിഗ്രഹമുക്തസ്യ നാരദസ്യാസ്ഥിരസ്യ ച
വിധിശ്രവേ കുതഃ പ്രീതിഃ സംയോഗഃ കുത്ര തൈഃ സഹ
ശൗനകന് ചോദിച്ചു: ലോകബന്ധത്തില്‍ നിന്നും മുക്തനും കലഹങ്ങളുണ്ടാക്കുന്നവനും ഒരിടത്തും സ്ഥിരമായി ഉറച്ചിരിക്കാതെ സഞ്ചരിക്കുന്നവനുമായ നാരദമഹര്‍ഷിക്ക് എപ്രകാരമാണ് ഭാഗവതസപ്താഹ ശ്രവണവിധിയില് താല്പര്യമുണ്ടായത്? എവിടെ വെച്ചാണ് അദ്ദേഹം സനകാദികളെ കണ്ടുമുട്ടിയത്?
സൂത ഉവാച
അത്ര തേ കീര്ത്തയിഷ്യാമി ഭക്തിയുക്തം കഥാനകം
ശുകേന മമ യത് പ്രോക്തം രഹഃ ശിഷ്യം വിചാര്യ
ഏകദാഹി വിശാലായാം ചത്വാര ഋഷയോളമലാഃ
തത്സംഗാര്ത്ഥം സമായാതാ ദദൃശുസ്തത്ര നാരദം
സൂതന്‍ പറഞ്ഞു : ഭക്തിയുക്തമായ കഥ ഞാന്‍ ഭവാനു പറഞ്ഞുതരാം. ഒരിക്കല്‍ ശുകബ്രഹ്മര്‍ഷി ഞാന്‍ ശിഷ്യനാണല്ലോ എന്നു വിചാരിച്ച് എന്നോടു പറഞ്ഞതാണിത്. സജ്ജനങ്ങളോട് ഒത്തുചേരാനായി ഒരിക്കല്‍ സനകാദികളായ നാലു ബ്രഹ്മര്‍ഷിമാരും വിശാലപുരിയില്‍ വന്നുചേര്‍ന്നു. അവിടെവെച്ചാണ് നാരദമുനി സനകാദികളെ കണ്ടത്. (ഇക്ഷ്വാകു രാജാവിന്റെ പുത്രനായ വിശാലന് സ്ഥാപിച്ച നഗരമാണ് വിശാലപുരി. ഗംഗാതടത്തില്‍ സ്ഥിതിചെയ്യുന്ന ബദരീവനത്തിലാണ് വിശാലപുരി. നരനാരായണന്മാരുടെ ആശ്രമം സ്ഥിതിചെയ്തിരുന്നതും, അഹല്യയോടൊത്ത് ഗൗതമമുനി കഴിഞ്ഞിരുന്നതും കല്ലായിക്കിടന്ന അഹല്യയ്ക്കു ശ്രീരാമന് ശാപമോക്ഷം നല്കിയതും വിശാലപുരിയ്ക്കു സമീപത്തുവെച്ചാണ്.)
കുമാരാ ഊചു
കഥം ബ്രഹ്മന്‍! ദീനമുഖഃ കുതശ്ചിന്താതുരോ ഭവാന്
ത്വരിതം ഗമ്യതേ കുത്ര കുതശ്ചാഗമനം തവ
ഇദാനീം ശൂന്യചിത്തോളസി ഗതവിത്തോ യഥാ ജനഃ
തവേദം മുക്തസംഗസ്യ നോചിതം വദ കാരണം
കുമാരന്മാര് ചോദിച്ചു :- ”ഹേ നാരദമഹര്‍ഷേ, അങ്ങയുടെ മുഖം വാടിയിരിക്കുന്നതെന്താണ്? എന്തുകൊണ്ടാണു ഭവാന് ചിന്താവിവശനായിരിക്കുന്നത്? അങ്ങ് ഇത്ര ധൃതിയില്‍ ബദ്ധപ്പെട്ട് എവിടേക്കാണു പോകുന്നത് ? അങ്ങ് ഇപ്പോള്‍ എവിടെനിന്നു വരുന്നു? ധനം കൈവിട്ടുപോയ ഒരുവനേപ്പോലെ ശൂന്യ ഹൃദയനായിരിക്കുന്നത് നിസ്സംഗനായ അവിടുത്തേക്ക് ഒട്ടും യോജിക്കുന്നതല്ല. കാരണം ഞങ്ങളോടു പറയുക.”
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: