പാണ്ഡിത്യവും ബുദ്ധിവൈഭവവും ആദരവ് അര്ഹമാക്കുമെന്നുള്ളതില് സംശയമില്ല. പക്ഷേ, അവ ഈശ്വരോന്മുഖമാക്കിയില്ലെങ്കില് അവയ്ക്ക് യഥാര്‍ത്ഥമായ ആദ്ധ്യാത്മികമൂല്യം ഇല്ലാതാകും. അവയെ വിനയം അകമ്പടി സേവിക്കുന്നില്ലെങ്കില്‍ അവ നിങ്ങളെ ഈശ്വര സമക്ഷത്തിലേക്ക് നയിക്കുകയില്ല.
ഇഹത്തിലും പരത്തിലും സുഖം പകരാന്‍ ഈശ്വരനുമാത്രമേ കഴിയുകയുള്ളൂ. അതുകൊണ്ടുമാത്രമേ സ്വാതന്ത്ര്യവും സംസിദ്ധമാകൂ.
ജനനമരണചക്രമാണ് ഭയത്തിന്റെ സങ്കേതം. ജീവന് സംസാരത്തില്‍ കുടുങ്ങികിടക്കുന്നു. പലപ്പോഴും താമസികാവസ്ഥയെ സാത്വീകാവസ്ഥയായി തെറ്റിദ്ധരിക്കാറുണ്ട്. താമസികമായ മൗഢ്യത്തിന്റെ മൂര്‍ദ്ധന്യദശയില്‍ ഒരുവന് ഭയം അറിയുകയില്ല.
മനസ്സിന് തളര്‍ച്ചയോ കോപമോ ഉണ്ടാവുകയില്ല. പക്ഷേ, അത് സാത്വികാവസ്ഥയിലെ പ്രശാന്തതയുടെയും ആത്മസംയമനത്തിന്റെയും ലക്ഷണമായി കരുതരുത്. സാത്വികമായ പ്രശാന്തിയും ധൈര്യവും ഉദയം ചെയ്യുന്നത് ജ്ഞാനത്തില്‍നിന്നാണ്. അതായത് ആത്മജ്ഞാനത്തില്നിന്ന്, അഥവാ ഈശ്വരനുമായുള്ള ഐക്യബോധത്തില്നിന്ന്.
ആശാബദ്ധവും വിഷയബദ്ധവുമായ മനസ്സ് സദാചഞ്ചലമായിരിക്കും. അത് സ്ഥിരമാകണമെങ്കില്‍ മനസ്സ് ഈശ്വരബദ്ധമാകണം. എന്തെന്നാല്‍ നിര്‍വിശേഷമായ അചലവസ്തു ഈശ്വരന്‍മാത്രമാണ്.
മനസ്സ് ഈശ്വരാഭിമുഖമാകുമ്പോള്‍ ആസക്തികള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോകും. മമതാ ബന്ധങ്ങള്‍ ക്രമേണ ശിഥിലീഭവിക്കും. സംസ്കാരങ്ങള്‍ സംശുദ്ധമാകും. അത് സ്വഭാവം രൂപീകൃതമാകും. ഈ അവസ്ഥയില്‍ ഒരാള്‍ വിഷയപ്രപഞ്ചത്തില്നിന്നും സ്വന്തം ആത്മാവിന്റെ അത്യഗാധതയില്‍ തിരിച്ചെത്തും. അങ്ങനെ ”കര്‍ത്താവ്” ”ഭോക്താവ്” എന്നുമാത്രമല്ല, ”ഭ്രഷ്ടാവ്” എന്ന സങ്കല്പത്തെപ്പോലും അതിലംഘിച്ച് കേവലസത്തയായി പരിണമിക്കും. സ്വസ്വരൂപാവസ്ഥിതിയാണു ജ്ഞാനം.
സകല ശാസ്ത്രങ്ങളും കടഞ്ഞെടുത്തുണ്ടാക്കിയ അമൃതം തന്നെയാണ് അമ്മ നിങ്ങള്‍ക്ക് പകര്‍ന്നുതന്ന ദിവേ്യാപദേശം. വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സാരസര്വസ്വമാണത്.
കോവണികളുടെ പടികള്‍ ഒന്നൊന്നായി ചവിട്ടിക്കയറിയാണ് അവസാനം ഭവനത്തിന്റെ മുകളിലത്തെ നിലയില്‍ എത്തിച്ചേരുക. അതുപോലെ ഗാഢാനുഭൂതിയുടെ അപരോക്ഷാനുഭൂതിയുടെ വേദിയില്‍ അവസാനം എത്തിച്ചേരുന്നതിനു സാധനാമാര്‍ഗ്ഗത്തിലൂടെ വിവിധ വ്യവസ്ഥിതികള്‍ ഒന്നൊന്നായി അനുഷ്ഠിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: