പാറയില്‍ വിതച്ചാല്‍ വിത്ത് മുളക്കുകയില്ല. അതേപടി വേര് മോലോട്ടാക്കി ചെടി നട്ടാല്‍ നാമ്പെടുക്കുകയുമില്ല. നിലം വേണ്ടവണ്ണം ഉഴുതുമറിച്ച് മണ്ണ് പൊടിഞ്ഞ് പാകമാകണം. എന്നിട്ട് വിത്ത് പാകുകയോ വേണ്ടരീതിയില്‍ നടുകയോ ചെയ്യണം. അതുപോലെ ധര്‍മ്മാചരണത്തിലും ഗുരുസേവയിലും അനുഷ്ഠാനത്തിലും പവിത്രീകരിച്ച് സുസജ്ജമുക്കപ്പെട്ട മനസ്സില്‍ മാത്രമേ ഉപദേശമാകുന്ന വിത്ത് നാമ്പിടുകയുള്ളൂ.
ആചരണശുദ്ധി സാധനാനുഷ്ഠാനം, ആത്മാനുഭൂതി ഇവ മൂന്നുമാണ് ആദ്ധ്യാത്മിക ജീവിതത്തില്‍ ശക്തിയുടെ ഉറവിടം. സംസ്ക്കാരത്തെപ്പറ്റി വാചാലനായി ഒരാള്‍ക്ക് പ്രസംഗിക്കാം. എന്നാല്‍ പ്രഭാഷണമല്ല യഥാര്‍ത്ഥ ജ്ഞാനത്തിന്റെ ഉറവിടം. നിങ്ങള്‍ക്ക് ആത്മാനുഭൂതി ഉണ്ടാകണം. ആ അനുഭൂതി മാത്രമാണ് യഥാര്‍ത്ഥ സംസ്കാര സമ്പന്നനാക്കുന്നത്.
സങ്കീര്‍ണങ്ങളായ പ്രശ്നങ്ങളും വിഷമഘട്ടങ്ങളും ഗുരുതരമായ പരീക്ഷണങ്ങളും കഠിനമായ പീഡാനുഭവങ്ങളും ഏവരുടെ ജീവിതത്തിലും വന്നുചേരാം. ജീവിതം ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളികളെ നേരിടാനും സമൂല്കൃഷ്ടമായ ആദ്ധ്യാത്മിക സിദ്ധിയിലേക്ക് മുന്നേറാനുമുള്ള വേദിയായി ജീവിതത്തെ രൂപപ്പെടുത്താനും വേണ്ടി നിങ്ങള്‍ ആദ്ധ്യാത്മികശക്തി വികസിപ്പിച്ചെടുക്കുക. അപ്പോള്‍ ജീവിതത്തിലെ ഓരോ പരീക്ഷണവും നിങ്ങളില്‍ ലീനമായിട്ടുള്ള സാന്മാര്ഗികശക്തിയേയും ഇച്ഛാശക്തിയേയും ഓജസ്സിനേയും അജയ്യമായ ആത്മവീര്യത്തേയും നേടും അതുകൊണ്ട് അത്തരം അവസ്ഥാവിശേഷങ്ങളെ ഈശ്വരദത്തമായി കരുതി അവിചാരിതമായിവരുന്ന ഭാഗ്യമാണെന്നു വിശ്വസിച്ച് അവയെ സ്വാഗതം ചെയ്യുക.
പ്രാരാബ്ദംമൂലം സംഭവിക്കുന്ന ഏറ്റവും ശക്തമായ പ്രഹരംപോലും പ്രബലമായ ഒരു മനസ്സിനെ ചലിപ്പിക്കുകയില്ല. പ്രകൃതിയുടെ പ്രലോഭനങ്ങള്ക്കതീതമാണ് മനസ്സ്. അത് അചഞ്ചലമായ ഈശ്വരവിശ്വാസത്തിലും ഈശ്വരകൃപയുടെ അവലംബനത്തിലുമാണ് വേരൂന്നിയിട്ടുള്ളത്. സര്‍വ്വശക്തനുമായി അത് സമ്പര്ക്കപ്പെട്ട്കൊണ്ടിരിക്കും. സകലവിധ സാന്മാര്ഗ്ഗിക നിയമങ്ങള്‍ക്ക് വിധേയവുമാണത്.
ഈശ്വരനെ സമാശ്രയിക്കുന്നതില്നിന്നാണ് ശക്തി സ്വായത്തമാകുന്നത്. നിങ്ങള്‍ എവിടെ വര്‍ത്തിച്ചാലും ഏത് ജോലി നിര്‍വഹിച്ചാലും അപ്പോഴൊക്കെ നിങ്ങളുടെ ഹൃദയം ഈശ്വരബദ്ധമായിരിക്കണം. സകലചിന്തകള്ക്കും കര്‍മ്മങ്ങള്‍ക്കും ഈശ്വരനെ സാക്ഷിയാക്കുക. ഈശ്വരനാമത്തെ മുറുകെ പിടിക്കുക. ഈശ്വരപാദങ്ങളില്‍ അഭയം കൊള്ളുക. സുഖത്തിലും ദുഃഖത്തിലും ഈശ്വരനെ പ്രകീര്‍ത്തിക്കുക.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: