ശ്രവണം, മനനം, നിദിദ്ധ്യാനം ഇവ മൂന്നുമാണ് ഈശ്വരസാക്ഷാത്കാരത്തിനുള്ള വേദാന്തസാധനകള്. ആദ്ധ്യാത്മികദീക്ഷാമുഹൂര്ത്തത്തില് സദ്ഗുരുവില്‍നിന്ന് പവിത്രമായ മഹാവാക്യം കേള്‍ക്കുന്ന പ്രക്രിയ എന്നാണ് ശ്രവണം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം.
ആത്മജ്ഞാനികളുടെ വാക്കുകള്‍ മാത്രമേ ശുദ്ധീകരണ ക്ഷമവും ഉത്തേജനാത്മകവും ആയിരിക്കുകയുള്ളൂ. അന്തര്‍ലീനമായി വര്‍ത്തിക്കുന്ന ആദ്ധ്യാത്മിക പ്രവണതയെ സദ്ഗുരുവിന്റെ ദിവ്യവാണികള്‍ ചൈതന്യവത്താക്കും.
ശ്രവണ ഘട്ടത്തില്‍ ഭാവം പരമപ്രധാനമാണ്. ബോധപൂര്‍വമുള്ള ഭാവം ഗുരുവിനോട് ആഴമേറിയ ഭക്തിയോട് കൂടിയതും കലവറ കൂടാത്ത ആത്മാര്‍പ്പണ മനോഭാവത്തോട്കൂടിയതുമായിരിക്കും. ഭാവത്തോടൊപ്പം സത്യാന്വേഷകന് ഗുരുവചനങ്ങളില്‍ ശ്രദ്ധയും പൂര്‍ണവിശ്വാസവും ഉണ്ടായിരിക്കണം.
ശബ്ദവും മനസ്സും ജ്ഞാനവും ഏകീകൃതമാവണം. എങ്കില്‍മാത്രമേ ശ്രവണം ഫലപ്രദമാകുകയുള്ളൂ. ശബ്ദം സത്യവസ്തുവിന്റെ നാദസ്വരൂപമാണ്. ആത്മചൈതന്യത്തിന്റെ സ്പന്ദങ്ങളും ഗുരുവിന്റെ തപസ്യയുടെയും അനുഭൂതിയുടെയും ശക്തികളും ഏകീഭവിച്ച് ശബ്ദത്തില്‍ ഉള്‍ക്കൊള്ളുന്നു. മനസ്സെന്നാല്‍ ഏകാഗ്രമാക്കപ്പെട്ട ശ്രദ്ധയുടെ പ്രഭാവമെന്നാണര്ത്ഥം.
ജ്ഞാനമെന്നാല് ഈശ്വര മഹത്വത്തെക്കുറിച്ചും ഗുരുവാക്യത്തിലടങ്ങിയിരിക്കുന്ന മഹത്തായ ആശയത്തെക്കുറിച്ചുള്ള അവബോധമെന്നാണര്ത്ഥം.
ശബ്ദം ശ്രവണേന്ദ്രിയദ്വാരാ അന്തഃപ്രവേശിക്കുന്നു. ഏകാഗ്രമായ അവസ്ഥയില്‍ മനസ്സ് ആ ശബ്ദത്തെ സ്വീകരിക്കുന്നു. എന്നാല്‍ ശബ്ദത്തിന്റെ പൊരുള്‍ ഗ്രഹിക്കപ്പെടുന്നത് ബുദ്ധിയിലാണ്. ഉപദേശവാക്യത്തിന്റെ അര്ത്ഥജ്ഞാനത്തെ ഗ്രഹിക്കാന്‍ ബുദ്ധിക്ക് കഴിയുന്നില്ലെങ്കില്‍ ശ്രവണത്തിനുള്ള അര്‍ഹതപോലും ഒരാള്‍ നേടിയിട്ടില്ലെന്നാണു വേദാന്ത വിവക്ഷ.
ശബ്ദം കാതുകള്വഴി കേള്‍ക്കുന്നു. അതിന്റെ അര്‍ത്ഥം ബുദ്ധിയില്‍ക്കൂടി ധരിക്കുന്നു. ആത്മജ്ഞാനം മുഖേന തത്വത്തെ അഥവാ സത്യവസ്തുവിനെ ഗ്രഹിക്കുന്നു. ശബ്ദം സ്ഥൂലവും അര്‍ത്ഥം സൂക്ഷ്മവുമാണ്. തത്വം സൂക്ഷ്മാല്‍ സൂക്ഷമതമാണ്. ശബ്ദവും അര്‍ത്ഥവും പരോക്ഷ ജ്ഞാനത്തിന്റെ പരിധിയില്‍പ്പെടുന്നു. എന്നാല്‍ സത്യവസ്തുവാകട്ടെ അപരോക്ഷാനുഭൂതിയില്‍ മാത്രമാണ് സ്വയം അനാവൃതമാകുന്നത്.
പ്രാര്‍ത്ഥനയും ഫലപ്രാപ്തിയും ശരണാഗതിയും ഈശ്വരകൃപയും പ്രയത്നവും നേട്ടവും തമ്മില്‍ ഗാഢമായ ബന്ധമുള്ളതുപോലെതന്നെ ഗുരുവാക്യവും ശ്രവണവും തമ്മിലും ബന്ധമുണ്ട്. മനനത്തില്‍ ചിന്താ പ്രക്രിയയ്ക്ക് യുക്തിയെ വിനിയോഗിക്കുന്നതുകൊണ്ട് വ്യക്തത കൈവരും.
സകല സംശയങ്ങളെയും തെറ്റിദ്ധാരണകളേയും സഞ്ചിതങ്ങളായ അവ്യക്ത മേഘപടലങ്ങളേയും ദുരീകരിച്ച് മനനം പ്രജ്ഞയെ ഉല്‍കൃഷ്ടമായ ധ്യാനമണ്ഡലത്തിലേക്ക് നയിക്കുന്നു. മനനം മാനസിക മഥനമാണ്. അത് വ്യക്തികളുടെ ചുഴികളിലേക്കിറങ്ങിവന്ന് മനസ്സിന്റെ ബഹിര്‍മുഖ പ്രവണതയെ അകറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: