ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം – ത്രിഭുവനങ്ങളിലും(മൂന്നു ലോകങ്ങളിലും, ഭൂസ്വര്ഗ്ഗപാതാള ലോകങ്ങളിലും) ഉളളവരാല്‍ അര്‍ച്ചിക്കപ്പെടുന്നവനും(പൂജിക്കപ്പെടുന്നവനും)
ദേവതാത്മകം – സര്‍വദേവതാ സ്വരൂപനും
ത്രിനയനം – മൂന്നു നേത്രങ്ങളോടുകൂടിയവനും
പ്രഭും – സര്‍വോത്കൃഷ്ടനും (യജമാനനും, സ്വാമിയും)
ദിവ്യദേശികം – ദിവ്യനായ ഗുരുവും(വഴികാട്ടിയും)
ത്രിദശപൂജിതം ണ്- ത്രിദശന്മാരാല്(ദേവന്മാരാല്) പൂജിക്കപ്പെടുന്നവനും. ത്രിദശന്മാരെന്നാല് പന്ത്രണ്ട് ആദിത്യന്മാര്, പതിനൊന്ന് രുദ്രന്മാര്, എട്ട് വസുക്കള്‍, രണ്ട് അശ്വിനീദേവകള്‍ എന്നിങ്ങനെ 33 ദേവന്മാരാണ്. കശ്യപ മഹര്‍ഷിക്ക് അദിതിയില്‍ ജനിച്ച 12 പുത്രന്മാരായ വരുണന്, സൂര്യന്, സഹസ്രാംശു, ധാതാവ്, തപനന്‍, സവിതാവ്, ഗഭസ്തി, രവി, പര്ജ്ജന്യന്, ത്വഷ്ടാവ്, മിത്രന്, വിഷ്ണു എന്നിവരാണ് ദ്വാദശാദിത്യന്മാര്‍. ശിവാംശജരായ അജൈകപാത്, അഹിര്‍ബുധ്ന്യന്‍, വിരൂപാക്ഷന്, സുരേശ്വരന്‍, ജയന്തന്, ബഹുരൂപന്‍, അപരാജിതന്‍, സവിത്രന്‍, ത്ര്യംബകന്, വൈവസ്വതന്, ഹരന് അല്ലെങ്കില്‍ മൃഗവ്യാധന്‍, സര്‍പ്പന്‍, നിര്യതി, അജൈകപാത്, അഹിര്‍ബുദ്ധ്ന്യന്‍, പിനാകി, ഈശ്വരന്, കപാലി, സ്ഥാണു, ഭര്ഗ്ഗന്എന്നിവരാണ് ഏകാദശരുദ്രന്മാര്. ധര്മ്മദേവന് ദക്ഷപുത്രിയായ വസുവില് ജനിച്ച എട്ട് ദേവന്മാര് ആണ് അഷ്ടവസുക്കള്‍. ധരന്‍(ആപന്), ധ്രുവന്, സോമന്, അഹസ്സ്(ധര്മ്മന്), അനിലന്‍, അനലന്‍, പ്രത്യൂഷന്‍, പ്രഭാസന്‍ എന്നിങ്ങനെയാണ് അഷ്ടവസുക്കളുടെ പേരുകള്‍ എന്ന് മഹാഭാരതത്തിലും വിഷ്ണുപുരാണത്തിലും പറയുന്നു. സൂര്യന് സംജ്ഞാ ദേവിയില്‍ ജനിച്ചവരും ദേവവൈദ്യന്മാരുമായ സത്യനും, ദസ്രനുംആണ് അശ്വിനീ ദേവകള്‍.
ചിന്തിതപ്രദം – ചിന്തിക്കുന്നത്(ആഗ്രഹിക്കുന്നത്) എല്ലാം പ്രദാനം ചെയ്യുന്നവനുമായ(നല്കുന്നവനുമായ)
ഹരിഹരാത്മജം ദേവമാശ്രയേ- ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ഭവഭയാപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
ഭവഭയാപഹം – ഭവ(സംസാര) ഭയത്തെ ഇല്ലാതാക്കുന്നവനും; ജീവന്മാര്ക്ക് പ്രപഞ്ചത്തില്‍ മായമൂലം ഉണ്ടാകുന്ന എല്ലാ ഭയങ്ങളും അകറ്റുന്നവനും
ഭാവുകാവഹം- ഭാവുകം(മംഗളം, ഭാഗ്യം, ഭവിക്കാന്‍ പോകുന്നത്) ആവഹിക്കുന്നവന്(കൊണ്ടുവരുന്നവന്, ഉണ്ടാക്കുന്നവന്). ഭവിക്കാന്‍ പോകുന്നവയെ ഉണ്ടാക്കുന്നവന് (സൃഷ്ടികര്‍ത്താവ്) എന്നും ഭാഗ്യം കൊണ്ടുവരുന്നവന് എന്നും അര്‍ത്ഥം പറയാം.
ഭുവനമോഹനം – ഭുവനത്തെ (ലോകത്തെ) മോഹിപ്പിക്കുന്നവനും(വശീകരിക്കുന്നവനും)
ഭൂതിഭൂഷണം – ഭൂതി ഭൂഷണം(അലങ്കാരം, ആഭരണം) ആക്കിയവനും. ഭൂതി എന്നാല്‍ ഐശ്വര്യം, സൗഭാഗ്യം, ധനം, അഴക്, മഹിമ, അഭിവൃദ്ധി, സമ്പത്ത്, വിജയം, തപസ്സുമൂലം ലഭിക്കുന്ന അമാനുഷിക ശക്തികള്‍ എന്നിങ്ങനെ അര്‍ത്ഥം പറയാം. ഇവയെല്ലാം അലങ്കാരമാക്കിയവനാണ് ശാസ്താവ്. ഭൂതി ശബ്ദത്തിനു വിഭൂതി(ഭസ്മം) എന്നും അര്‍ത്ഥം ഉണ്ട്. ഭസ്മത്താല്‍ അലങ്കരിക്കപ്പെട്ട ശരീരത്തോടു കൂടിയവന് എന്നും അര്‍ത്ഥം.
ധവളവാഹനം ദിവ്യവാരണം -ധവളവര്‍ണ്ണമാര്‍ന്ന(വെളുത്ത)ദിവ്യമായ വാരണം(ആന) വാഹനം ആയിട്ടുള്ളവനുമായ (ഭാരം വഹിക്കുന്നതിനുള്ള ആനകളെ വാഹവാരണം എന്നു വിളിക്കുന്നു)
ഹരിഹരാത്മജം ദേവമാശ്രയേ- ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരീ വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം- അവ്യക്തമധുരമായ മൃദുമന്ദഹാസത്തോടു കൂടിയവനും
സുന്ദരാനനം -സുന്ദരമായ മുഖത്തോടു കൂടിയവനും
കളഭകോമളം ഗാത്രമോഹനം – കളഭത്തിന്റെ കോമളതയോടു(മനോഹരതയോടു) കൂടിയ മോഹിപ്പിക്കുന്ന ഗാത്രത്തോടു(ശരീരത്തോടു) കൂടിയവനും. കളഭത്തിന്റെ ശീതളിമയോടു കൂടിയവന് അല്ലെങ്കില്‍ കളഭത്തിന്റെ(ആനക്കുട്ടിയുടെ)എന്നപോലെ ശ്യാമവര്‍ണ്ണമാര്‍ന്ന ശരീരത്തോടു കൂടിയവന് എന്നു അര്‍ത്ഥം
കളഭകേസരീവാജിവാഹനം – കളഭം(ആന) കേസരി(സിംഹം)വാജി(കുതിര) എന്നിവയെ വാഹനമാക്കിയവനുമായ
ഹരിഹരാത്മജം ദേവമാശ്രയേ- ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിതജനപ്രിയം – ശ്രിതജനങ്ങളില്(തന്നെ ആശ്രയിക്കുന്ന ജനങ്ങളില്‍) പ്രിയമുള്ളവനും
ചിന്തിതപ്രദം – ചിന്തിക്കുന്നവയെല്ലാം പ്രദാനം ചെയ്യുന്നവനും
ശ്രുതിവിഭൂഷണം – ശ്രുതി(വേദങ്ങള്‍) വിഭൂഷണം(അലങ്കാരം) ആയവനും, ശ്രുതിയില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നവനും
സാധുജീവനം – സാധുക്കളെ(ഗുണവാന്മാരെ, സന്ന്യാസിമാരെ)ഉപജീവനത്തിനു സഹായിക്കുന്നവനും,
ശ്രുതിമനോഹരം ഗീതലാലസം – മനോഹരമായ ശ്രുതിയോടു കൂടിയ ഗീതം ശ്രവിക്കുന്നതില്‍ ലാലസനുമായ (അതീവതാത്പര്യമുള്ളവനുമായ)
ഹരിഹരാത്മജം ദേവമാശ്രയേ- ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയപ്പാ സ്വാമി ശരണമയ്യപ്പാ
എന്ന വരികള്‍ ഓരോ ശ്ലോകവും കഴിഞ്ഞു ചൊല്ലാറുണ്ട്. അതേപോലെ ഓരോ വരികള്‍ക്കിടയിലും സ്വാമി ശബ്ദം ഉപയോഗിച്ചും ചൊല്ലാറുണ്ട്.
ഹരിവരാസനം സ്വാമി വിശ്വമോഹനം
ഹരിദധീശ്വരം സ്വാമി ആരാദ്ധ്യപാദുകം
എന്നിങ്ങനെ. എന്നാല്‍ വൃത്തനിബദ്ധമായ ഹരിവരാസനം ഇങ്ങനെ സ്വാമി ശബ്ദം ചേര്‍ത്ത് ചൊല്ലുമ്പോള്‍ വൃത്തഭംഗവും പലപാദങ്ങളിലും അര്‍ത്ഥഭംഗവും വരുന്നു.
അയ്യപ്പനെ സ്നേഹപുരസ്സരം പാടിയുറക്കുന്ന ഈ ഗാനം എഴുതിയത് ആരാണ് എന്നതു വ്യക്തമല്ല. കമ്പക്കുടി കുളത്തൂര്‍ അയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്ന് ഒരു വാദം. രചയിതാവാരായാലും അയ്യപ്പഭക്തരുടെ മനസ്സില്‍ ഹരിവരാസനത്തിന്റെ മാറ്റൊലി മുഴങ്ങുന്നതില്‍ ആ പുണ്യാത്മാവ് സന്തോഷിക്കുക തന്നെയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: