‘ഞാന്‍ ബാറ്ററി’ എന്നു ചിന്തിക്കുമ്പോള്‍ ശക്തി നഷ്ടമാകാം. എന്നാല്‍ കറന്റിനോടു ബന്ധിച്ചിരിക്കുകയാണെങ്കില്‍ ശക്തി ഒരിക്കലും നഷ്ടമാകുന്നില്ല. അതുപോലെ ഞാന്‍ എന്ന ഭാവത്തില്‍ കഴിയുമ്പോള്‍ നമ്മുടെ ശക്തി നഷ്ടമാകും. ഉപയോഗിക്കുന്തോറും ഒരു ബാറ്ററിയുടെ ശക്തി നഷ്ടമാകുന്നു. കാരണം, അതില്‍ പരിമിതമായ ശക്തിയേ ശേഖരിച്ചിട്ടുള്ളൂ.
മറിച്ച്, കറന്റിനോട് – ഈശ്വരനോട് ബന്ധിച്ചിരിക്കുകയാണെങ്കില്‍ ശക്തി എങ്ങനെ നഷ്ടമാകാനാണ്. പൂര്‍ണത്തില്‍നിന്നു പൂര്‍ണമല്ലേ ഉണ്ടാവുകയുള്ളൂ. ഒരു തിരിയില്‍നിന്ന് ആയിരം തിരികള്‍ കത്തിച്ചാലും ആദ്യത്തെ തിരിയുടെ ശോഭയ്ക്ക് ഒരു കുറവും സംഭവിക്കില്ല. പിന്നെ, ശക്തി ക്ഷയിക്കുകയെന്നത് ഒരു സാധകനെ സംബന്ധിച്ച് ശരിയാണ്. അവന് വളരെ ശ്രദ്ധിക്കണം.
അഭ്യാസകാലത്ത് ഓരോ ചുവടുവയ്ക്കുമ്പോഴും ശ്രദ്ധിക്കണം. കാരണം, അവന് ഇപ്പോഴും ശരീരമനോബുദ്ധിതലത്തിലാണ്. ശരീരമനോബുദ്ധിതലത്തില്‍ നില്ക്കുമ്പോള് എല്ലാത്തിലും ശ്രദ്ധ വേണം. മനസ്സ് സ്വന്തം കൈയ്യില്‍ കിട്ടുന്നതുവരെയും സ്വന്തം അധീനതയിലാകുന്നതുവരെയും യമനിയമങ്ങള്‍ എല്ലാം പാലിച്ചു നീങ്ങേണ്ടതാവശ്യമാണ്. പിന്നീട് നമ്മളെ ഒരാള്‍ തൊട്ടെന്നു കരുതി ഭയക്കേണ്ട കാര്യമില്ല. തൊടുന്നതു ജനങ്ങളെയല്ല, അവരെ ഈശ്വരനായിട്ടു കണ്ടാല്‍ മതി. അപ്പോള്‍ ശക്തി നഷ്ടമാവുകയല്ല, നേടുകയാണു ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: