കറാച്ചി: വിവാദ വാരിക ഷാര്‍ലി എബ്‌ദോയ്‌ക്കെതിരെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ എഎഫ്പി ഫോട്ടോഗ്രഫര്‍ ആസിഫ് ഹസന് വെടിയേറ്റു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹസനെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കറാച്ചിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. ഷാര്‍ലി എബ്‌ദോ വാരികയില്‍ പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ ആയിരുന്നു പ്രതിഷേധം. പാരിസില്‍ വാരികയുടെ പ്രധാന ഓഫീസിന് നേരെ ഭീകരാക്രമണമുണ്ടായി ഒരാഴ്ചയ്‌ക്കു ശേഷമാണ് പ്രവാചകനെക്കുറിച്ചുള്ള പുതിയ കാര്‍ട്ടൂണുമായി വാരിക രംഗത്തെത്തിയത്.
ഇതിനെതിരെയായിരുന്നു പ്രതിഷേധം. 200 ഓളം പേരാണ് ഫ്രഞ്ച് കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയത്. ആയുധങ്ങള്‍ ഏന്തിയാണ് പലരും എത്തിയത്. ജല പീരങ്കികളും കണ്ണീര്‍വാതകവും ഉപയോഗിച്ച് പോലീസ് പ്രതിഷേധക്കാരെ നേരിട്ടു. കോളേജ് വിദ്യാര്‍ഥികള്‍ ആയിരുന്നു പ്രതിഷേധക്കാരില്‍ ഏറെയും.
















