ചാരുംമൂട്: കെപി റോഡില്‍ നൂറനാടിനും ചാരുംമൂടിനും ഇടയില്‍ മാലിന്യ നിക്ഷേപം രൂക്ഷമാകുന്നു. അസഹ്യമായ ദുര്‍ഗന്ധം മൂലം ഇതുവഴിയുള്ള യാത്ര ദുരിതമാകുന്നു. നൂറനാട് സ്വകാര്യ ആശുപത്രിക്കു പടിഞ്ഞാറു വശം ലെപ്രസി സാനിട്ടോറിയത്തിനു സമീപമാണ് ഇരുവശങ്ങളിലും ചാക്കില്‍കെട്ടിയും പ്ലാസ്റ്റിക് കവറില്‍ കെട്ടിയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. കോഴിക്കടകള്‍, അനധികൃത കശാപ്പു കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് കൂടുതലായി ഇവിടെ നിക്ഷേപിക്കുന്നത്. പ്രദേശത്ത് കടകളോ വീടുകളോ ഇല്ലാത്തതിനാല്‍ ഇവിടെ കാടുപിടിച്ച് കിടക്കുകയാണ്.
ദുരെ സ്ഥലത്തുനിന്നുപോലും വാഹനങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കുന്നു. ഏതാനും മാസം മുന്‍പ് കക്കൂസ് മാലിന്യവും ഇവിടെ നിക്ഷേപിച്ചിരുന്നു. മാലിന്യങ്ങള്‍ കിടന്ന് അഴുകുന്നതു കാരണം അസഹ്യമായ ദുര്‍ഗന്ധമാണ് ഇവിടെ അനുഭവപ്പെടുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കാരണം ഇവിടെ തെരുവ് നായ ശല്യവും രൂക്ഷമാണ്. വാഹനങ്ങള്‍ തട്ടി ചാവുന്ന തെരുവു നായ്‌ക്കള്‍ ദിവസങ്ങളോളം ഇവിടെ കിടന്ന് അഴുകുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. പ്രദേശം കേന്ദ്രീകരിച്ച് രാത്രികാല പോലീസ് പരിശോധന കര്‍ശനമാക്കിയാല്‍ മാലിന്യ നിക്ഷേപം തടയാന്‍ സാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
















