തൊടുപുഴ : കെ.എസ്.യുക്കാര്‍ തമ്മിലടിച്ച സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കാഞ്ഞാര്‍ പോലീസ് കേസെടുത്തു. അറക്കുളത്ത് വച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് അക്രമം നടന്നത്. മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ വിദ്യാര്‍ത്ഥിയായ മുണ്ടക്കയം കൊച്ചുതെക്കേല്‍ റ്റോണി തോമസിനാണ് മര്‍ദ്ദനമേറ്റത്. പുറപ്പുഴ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളായ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരിക്കുന്നത്.
പരിക്കേറ്റയാളും മര്‍ദ്ദിച്ചവരും കെ.എസ്.യുക്കാരാണെന്ന് പോലീസ് പറഞ്ഞു. മാസങ്ങളായി തൊടുപുഴയില്‍ കെ.എസ്.യുക്കാര്‍ തമ്മില്‍ തല്ലുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് കരുതുന്നു. പരിക്കേറ്റ റ്റോണി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് തൊടുപുഴ ചാഴികാട്ട് ആശുപത്രിയുടെ മുന്നില്‍ കെ.എസ്.യു.ക്കാര്‍ ചേരി തിരിഞ്ഞ് ആക്രമണത്തിന് മുതിര്‍ന്നിരുന്നു. പോലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.
















