മെല്‍ബണ്‍: എംസിജിയില്‍ ബോക്സിംഗ് ഡേ തന്നെയായിരുന്നു ഇന്നലെ. ആദ്യം ഇന്ത്യയുടെ വക ആസ്ട്രേലിയക്കിട്ടൊരു ഇടി. പിന്നെ കങ്കാരുക്കളുടെ തിരിച്ചിടി. ഒടുവില്‍ ഒപ്പത്തിനൊപ്പം നിന്നു കരകയറ്റം.
നായകന് സ്റ്റീവന്‍ സ്മിത്തും (72 നോട്ടൗട്ട്) ക്രിസ് റോജേഴ്സും (57) ഷെയ്ന് വാട്സനും (52) നേടിയ അര്‍ധ ശതകങ്ങളുടെ തുണയില്‍ ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കങ്കാരുക്കള്‍ക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ആതിഥേയര്‍ 5ന് 259 എന്ന നിലയില്‍. രണ്ടുപേരെ വീതം പുറത്താക്കിയ ഉമേഷ് യാദവും മുഹമ്മദ് ഷാമിയും ഇന്ത്യന്‍ ബൗളര്‍മാരില്‍ കേമന്മാര്.
നല്ല ഫോമിലുള്ള ഇടംകൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ രണ്ടാം ഓവറിന്റെ അവസാന പന്തില്‍ നഷ്ടപ്പട്ട ഓസീസിന് ലഭിച്ചത് ഞെട്ടിക്കുന്ന തുടക്കമായിരുന്നു. ഉമേഷ് യാദവിന്റെ പന്തില്‍ സ്ലിപ്പില്‍ ശിഖര്‍ ധവാന്റെ കൈകളില്‍ കുടുങ്ങുമ്പോള്‍ വാര്‍ണര്‍ അക്കൗണ്ട് തുറന്നിരുന്നില്ല. പ്രവചനാതീതമായ പേസും ബൗണ്‍സും ഉറഞ്ഞുകിടന്ന പിച്ചില്‍ ഉമേഷും ഷാമിയും ഇഷാന്ത് ശര്‍മ്മയുമെല്ലാം അപകടകരമായ ചില മൂവ്മെന്റുകള്‍ സൃഷ്ടിച്ചു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്രിസ് റോജേഴ്സിനൊപ്പം കൂടിയ ഷെയ്ന് വാട്സന് ആസ്ട്രേലിയയെ കളിയിലേക്കു മടക്കിക്കൊണ്ടുവന്നു. പന്തിന്റെ തിളക്കം പോയതോടെ ഇരുവരും യഥേഷ്ടം ഷോട്ടുകള്‍ ഉതിര്‍ത്തു. പദചലനങ്ങളെ നന്നായി ഉപയോഗിച്ച റോജേഴ്സ് ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്തു. പോയിന്റ് വഴിയും ഓസീസ് ഓപ്പണര്‍ റണ്‍സ് സ്വരുക്കൂട്ടി.
മിഡ്വിക്കറ്റായിരുന്നു വാട്സന്റെ ഇഷ്ടയിടം. എന്നാല്‍ വാട്സന്റെയും റോജേഴ്സിന്റെയും പ്രയാണം അര്‍ധശതകങ്ങളില്‍ അവസാനിച്ചു. റോജേഴ്സിനെ ഷാമി ധോണിയുടെ ഗ്ലൗസിലെത്തിക്കുമ്പോള്‍ 114 റണ്‍സിന്റെ സഖ്യംപൊളിഞ്ഞു. പിന്നാലെ ബൗണ്‍സ് മുതലാക്കിയ സ്പിന്നര്‍ ആര്. അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങാനായിരുന്നു വാട്സന്റെ വിധി. റോജേഴ്സ് അഞ്ച് ബൗണ്ടറികള്‍ നേടിയപ്പോള്‍ വാട്സന് നാലു തവണ പന്ത് അതിര്‍ത്തി കടത്തി.
ഷോണ്‍ മാര്‍ഷും സ്മിത്തും ആസ്ട്രേലിയക്കായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഗാലറി പിന്നീട് കണ്ടു. നാലു ബൗണ്ടറികളടക്കം 32 റണ്‍സ് സമ്പാദിച്ച മാര്‍ഷിനും ഷാമി അന്തകനായി, ധോണിക്ക് മറ്റൊരു ക്യാച്ച്. അരങ്ങേറ്റക്കാരന്‍ ജോ ബേണ്‍സിന് (13) അധികം മുന്നോട്ടുപോകാനായില്ല. യാദവിന്റെ മുന്നില്‍ ബേണ്‍സിന്റെ വീഴ്ച്ച. അവസാനം ക്യാപ്ടനു തുണയായി നിന്ന് ബ്രാഡ് ഹാഡിന് (23 നോട്ടൗട്ട്) അധികം നഷ്ടങ്ങളൊന്നുമില്ലാതെ ആസ്ട്രേലിയയെ കരകയറ്റി.
















