തിരുവനന്തപുരം: ജനുവരിയില്‍ കേരളത്തില്‍ നടക്കുന്ന ദേശീയ കായികമേളയില്‍ മത്സരിക്കാനില്ലെന്ന് ലോക നാലാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെവാള്‍.
ബാഡ്മിന്റണ്‍ ഉത്പന്നങ്ങളുടെ ലേകോത്തര ബ്രാന്‍ഡായ യൊനക്സിന്റെ എക്സ്ക്ലൂസീവ് ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ തലസ്ഥാനത്തെത്തിയ സൈന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
നിരന്തരമുള്ള മത്സരം ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകുന്നു. മികച്ച പ്രകടനംകാഴ്ചവെക്കുന്നതിന് അതു തടസവുമായി. ഞാനൊരു മനുഷ്യനാണ് യന്ത്രമല്ല. അതിനാല്‍ ഇപ്പോള്‍ വിശ്രമം ആഗ്രഹിക്കുന്നു. അതിനുശേഷം കരുത്തോടെ തിരിച്ചുവരുമെന്നും സൈന പറഞ്ഞു.
ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ നല്ല തയാറെടുപ്പ് വേണം. അതിനാല്‍ അതേക്കുറിച്ച് എന്തായാലും ഇപ്പോള്‍ ആലോചിക്കുന്നില്ല. കഴിഞ്ഞ സീസണുകള്‍ കൂടുതലും നല്ലതായിരുന്നു. സ്വിസ്, ഫ്രഞ്ച്, ചൈനീസ് ഓപ്പണുകളില്‍ വളരെ നല്ലപ്രകടനം കാഴ്ചവെക്കാനായി.
ദുബായിയില്‍ നടന്ന വേള്‍ഡ് സൂപ്പര്‍ സീരിസിന്റെ സെമിയില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായുള്ള മത്സരങ്ങളാണ് തോല്‍വികള്‍ക്കു കാരണമാകുന്നത്. ഇനി അത്തരമൊരു പരീക്ഷണത്തിനില്ലെന്നും സൈന വ്യക്തമാക്കി.
കോഴിക്കോട്ടും കൊച്ചിയിലും ഇതിന് മുന്‍പ് വന്നിട്ടുള്ള സൈന തിരുവനന്തപുരത്ത് ഇതാദ്യം. മണക്കാട്, കല്ലാട്ടുമുക്കിലെ ഓക്സ്ഫോര്‍ഡ് സ്കൂളിലെ വിദ്യാര്‍ഥികളുമായും സൈന സംവദിച്ചു.
അര്‍പ്പണബോധവും ആത്മാര്ഥതയുമാണ് കായികലോകത്തെ വിജയരഹസ്യമെന്ന് കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി സൈന പറഞ്ഞു.
മാതാപിതാക്കളുടെ പ്രോത്സാഹനവും പരിശീലകന്റെ സഹായവും ഉയര്‍ച്ചയുടെ കാരണങ്ങളാണ്. കരാട്ടെയിലുള്ള സൈനയുടെ പ്രകടനത്തെക്കുറിച്ചും കുട്ടികള്‍ ചോദിച്ചു. കരാട്ടെയില്‍ ബ്രൗണ്‍ ബെല്‍റ്റ് ലഭിച്ചിട്ടുണ്ട്. ബ്ലാക്ക് ബെല്‍റ്റ് എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ബാഡ്മിന്റണിലേക്ക് കടന്നതിനാല്‍ അതിന് സമയം ലഭിക്കുന്നില്ലെന്നും താരം മറുപടി നല്കി.
ദിവസവും എട്ട് മണിക്കൂറോളം പരിശീലനം നടത്താറുണ്ടെന്നും സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ അത് ഗുണകരമാണെന്നും സൈന കുട്ടികളോട് പറഞ്ഞു. കേരളം വളരെ മനോഹരമായ നാടാണെന്നും സൈന കൂട്ടിച്ചേര്‍ത്തു.
















