മെല്‍ബണ്‍: ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച് പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പായതിന്റെ ആത്മവിശ്വാസത്തില്‍ ഓസ്‌ട്രേലിയ ഇന്ന് ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനിറങ്ങുന്നു. മൂന്നാം ടെസ്റ്റിലും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് കംഗാരുപ്പട മൂന്നാം ടെസ്റ്റിനിറങ്ങുന്നത്. അതേസമയം തിരിച്ചുവരവിനായിട്ടാണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ആദ്യ ടെസ്റ്റില്‍ 48 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റിനുമാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത്.
ഇതിനിടെ കഴിഞ്ഞ ടെസ്റ്റിനിടെ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും തമ്മില്‍ വാക്കേറ്റമുണ്ടായതും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മല്‍സരത്തിലെ ദയനീയ പരാജയത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ടീമില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് ക്യാപ്റ്റന്‍ ധോണിയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
പരിശീലനത്തിനിടെ പരിക്കേറ്റതിനെത്തുടര്‍ന്നു മല്‍സരത്തിന്റെ നാലാം ദിനം രാവിലെ ബാറ്റിങ്ങിനിറങ്ങാന്‍ ധവാന്‍ വിസമ്മതിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. തുടര്‍ന്ന്, ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കോഹ്‌ലി പകരം കളത്തിലിറങ്ങിയെങ്കിലും ഒരു റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്.
സ്ഥിരതയില്ലാത്ത ബാറ്റിംഗ് നിരയാണ് ഇന്ത്യയെ വിഷമിപ്പിക്കുന്നത്. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ചുറി നേടിയ കോഹ്‌ലി പക്ഷേ രണ്ടാം ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 19ഉം രണ്ടാം ഇന്നിംഗ്‌സില്‍ ഒരു റണ്ണുമായിരുന്നു കോഹ്‌ലിയുടെ സംഭാവന.
ഓപ്പണര്‍ മുരളി വിജയാണ് സ്ഥിരത പുലര്‍ത്തുന്ന ബാറ്റ്‌സ്മാന്‍. ചേതേശ്വര്‍ പൂജാരയും ശിഖര്‍ ധവാനും ഇനിയും അവസരത്തിനൊത്തുയര്‍ന്നിട്ടില്ല. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിംഗ്‌സിലും ബാറ്റിംഗില്‍ പരാജയപ്പെട്ട ധവാന്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 81 റണ്‍സ് നേടി ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മ്മയും ധോണിയും മികച്ച ഫോമിലേക്കെത്തിയിട്ടില്ല. അജിന്‍ക്യ രഹാനെയാണ് തമ്മില്‍ ഭേദം.
ബൗളിംഗില്‍ പേസര്‍മാരായ ഇഷാന്ത് ശര്‍മ്മയും വരുണ്‍ ആരോണും ഉമേഷ് യാദവും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. എന്നാല്‍ അശ്വിന്‍ പ്രതീഷിച്ച രീതിയില്‍ ഫോമിലേക്കുയര്‍ന്നിട്ടില്ല.
അതേസമയം ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ടെസ്റ്റില്‍ തന്നെ ടീമിനെ വിജയത്തിലേക്ക് നയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്റ്റീവന്‍ സ്മിത്ത് ഇന്ന് ഇറങ്ങുന്നത്. ഓപ്പണര്‍മാരായ റോജേഴ്‌സും ഡേവിഡ് വാര്‍ണറും കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും തകര്‍പ്പന്‍ ഫോമിലാണെന്നത് കംഗാരുക്കളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
അതേസമയം പരിക്കേറ്റ ഷോണ്‍ മാര്‍ഷ് ഇന്ന് കളിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഷോണ്‍ മാര്‍ഷ് പരിശീലനത്തിനിറങ്ങിയിരുന്നു. മിച്ചല്‍ ജോണ്‍സണും സ്റ്റാര്‍ക്കും അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായ ഹെയ്‌സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും ഉള്‍പ്പെട്ട ബൗളിംഗ് നിര അതികരുത്തരുമാണ്.
















