തിരുവനന്തപുരം: അന്ധരുടെ ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യക്ക് കിരീടം നേടിത്തന്ന ടീമിലെ മലയാളി താരം വിഷ്ണു യു.പി.യെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദരിച്ചു. സൗത്ത് ആഫ്രിക്കയില്‍ നടന്ന ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ലോകകപ്പ് കരസ്ഥമാക്കിയിരുന്നത്.
ആദ്യമായാണ് 40 ഓവര്‍ മത്സരത്തില്‍ ഇന്ത്യ കപ്പ് നേടുന്നത്. ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ നിന്ന് രണ്ട് താരങ്ങളുണ്ടായിരുന്നു. കേരള അന്ധ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ വിഷ്ണുവും വൈസ് ക്യാപ്റ്റന്‍ ഫര്‍ഗാനും. ലോകകപ്പ് നേടി തിരിച്ചെത്തിയ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിക്കുകയും വിരുന്ന് നല്‍കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം പേരയം സ്വദേശിയാണ് വിഷ്ണു. പത്ത് വര്‍ഷത്തോളമായി ക്രിക്കറ്റ് കളിക്കുന്നുണ്ട്. ബ്ലൈന്‍ഡ് സ്‌കൂളില്‍ നിന്ന് കിട്ടിയ പരിശീലനമാണ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വരെ എത്തിച്ചതെന്ന് വിഷ്ണു പറഞ്ഞു. ടീമിലേക്കുള്ള സെലക്ഷന്‍ ചെന്നൈയില്‍ വച്ചായിരുന്നു. 2000ഓളം പേരില്‍ നിന്നാണ് ടീമിനെ തെരഞ്ഞെടുത്ത്. ബാംഗ്ലൂര്‍, തൃപുര എന്നിവടങ്ങളിലെ പരിശീലനത്തിന് ശേഷമാണ് സൗത്താഫ്രിക്കയിലേക്ക് ടീം പോയത്. അന്ധ ക്രിക്കറ്റ് ടീമില്‍ ഒന്നാം നിരക്കാരായ ശ്രീലങ്കയോടും പാക്കിസ്ഥാനോടും പൊരുതിയാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. 2012ല്‍ ഇന്ത്യക്ക് വേണ്ടി കളിച്ച മനീഷ് എന്ന താരത്തിന് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. ഇതാണ് തനിക്ക് പ്രചോദനമായതെന്ന് വിഷ്ണു പറഞ്ഞു.
കൂലിപ്പണി നടത്തിയാണ് എംഎ വരെ അച്ഛന്‍ പഠിപ്പിച്ചത്. ഇനി ഒരു ജോലി വേണം. കുടുംബത്തെ നോക്കണം. അന്ധത ജോലിക്ക് ഒരു തടസമാണ്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ തീരുമാനം സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും വിഷ്ണു പറഞ്ഞു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.കെ. മുനീര്‍, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ജിതേന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.
















