കൊച്ചി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയുടെ പൂര്‍ണ്ണ അധികചുമതല ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ എസ്.സുഹാസിന് നല്‍കി. ഇന്നലെ എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്ട്രറ്റ് ബി.രാമചന്ദ്രനില്‍ നിന്നാണ് ചുമതലയേറ്റെടുത്തത്.
ടൂറിസം കേന്ദ്രങ്ങളില്‍ സുരക്ഷയും, ശുചിത്വവും ഉള്‍പ്പെടെ ഗുണനിലവാരമുളള സേവനങ്ങള്‍ സഞ്ചാരികള്‍ക്ക് ഉറപ്പു വരുത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് സുഹാസ് പറഞ്ഞു. ടൂറിസം മേഖലയിലെ ചെറുകിട/സൂക്ഷമ/ഇടത്തരം സംരംഭകര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതിനും, ടൂറിസം മേഖലയിലെ സംരംഭകരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ ടൂറിസം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രത്യേക പരിഗണന നല്‍കും.
ടൂറിസം മേഖലയിലെ നവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡി.റ്റി.പി.സി ആവിഷ്‌കരിച്ചിട്ടുളള സര്‍ട്ടിഫൈഡ് ടൂറിസം അഡ്‌വൈസര്‍ എന്ന പരിശീലന പരിപാടി ഉടനെ തുടങ്ങും.
ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ കലാ സാംസ്‌കാരിക പരിപാടികള്‍ ഏര്‍പ്പെടുത്തുന്നതിനും ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ എല്ലാ അവധി ദിനങ്ങളിലും വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികള്‍ സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങളുടെ സഹകരണത്തോടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.
















