കൊച്ചി: ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിക്കുന്ന ദ്വിദിന ജോബ് ഫെയറില്‍ ആദ്യ ദിനമായ ഇന്നലെ ഏഴായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. 2000 തൊഴിലവസരങ്ങളുമായി ഇന്‍ഫോപാര്‍ക്കിലെ പതിമൂന്നു കമ്പനികള്‍ ജോബ് ഫെയറില്‍ പങ്കെടുത്തു.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഏഴായിരംപേര്‍ക്കു പുറമേ ഇന്നലെ അഞ്ഞൂറിലധികം ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി എത്തിയിരുന്നു. 20നും 35നും മധ്യേ പ്രായമുള്ളവരാണ് ഉദ്യോഗാര്‍ത്ഥികളിലധികവും.
ഇന്‍ഫോപാര്‍ക്കിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജോബ് ഫെയറിലൂടെ പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള 85 ശതമാനം ഒഴിവുകള്‍ ആദ്യ ദിനത്തില്‍ തന്നെ നികത്തിയതായി കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബിടെക്ക്, എംടെക്ക്, ബിസിഎ, എംസിഎ, എംഎസ്‌സി, ബിഇ, എംബിഎ ബിരുദധാരികളാണ് ജോബ് ഫെയറില്‍ എത്തിയത്. പരിചയസമ്പന്നരായവര്‍ക്കായും അല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായും ജോബ് ഫെയറില്‍ രണ്ടു തരത്തിലുള്ള രജിസ്‌റ്റേഷന്‍ സൗകര്യങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്.
ഐഒഎസ്/ ആന്‍ഡ്രോയിഡ്/ പിഎച്ച്പി ഡെവലപ്പര്‍, ടെക്‌നിക്കല്‍ ആര്‍ക്കിടെക്റ്റ്, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, വെബ് ഡെവലപ്പര്‍, ജാവ/ പൈത്തോണ്‍/ ഡോട് നെറ്റ് ഡെവലപ്പര്‍, ജെ2ഇഇ/ എടിജി/ ഹൈബ്രിസ്/ എച്ച്ടിഎംഎല്‍ സ്‌പെഷ്യലിസ്റ്റ് തുടങ്ങിയവര്‍ക്കായി ഒഴിവുകളുണ്ട്.
ബിസിനസ് അനലിസ്റ്റ്, കണ്ടന്റ് റൈറ്റര്‍, ടെസ്റ്റ് എഞ്ചിനീയര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ്, ബിഗ് ഡാറ്റ എഞ്ചിനീയര്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളിലും അവസരങ്ങളുണ്ട്. ജോബ് ഫെയര്‍ ഇന്ന് അവസാനിക്കും.
















