അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിച്ച അത്യുത്പാദന ശേഷിയുള്ള പശുക്കള്‍
അമ്പലപ്പുഴ: അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുനടയിലെ ഗോശാലയില്‍ കൃഷ്ണഗീതങ്ങള്‍ കേട്ട് ഫാനിന്റെ കുളിര്‍ക്കാറ്റേറ്റ് കാലികള്‍ പാല്‍ ചുരത്തിത്തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് കണ്ണന്റെ നേദ്യത്തിനായി ഒന്‍പത് പശുക്കളെ എത്തിച്ചത്. ഇതില്‍ ഒരെണ്ണം രാവിലെ ഏഴോടെ പശുക്കിടാവിന് ജന്മം നല്‍കുകയും ചെയ്തു. ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാല്‍പ്പായസത്തിന് ആവശ്യമായ പാല്‍ ഗോശാലയില്‍ നിന്ന് തന്നെ ഉത്പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ദിവസവും 25 ലിറ്റര്‍ പാല്‍ കിട്ടുന്ന മുന്തിയയിനം പശുക്കളെയാണ് വാങ്ങിയത്. മൂന്നുമാസം കൂടുമ്പോള്‍ പുതിയ പശുക്കളെ വീണ്ടും വാങ്ങും.
ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പുതിയതായി നിര്‍മ്മിച്ച ഗോശാലയിലാണ് പശുക്കളെ കൊണ്ടുവന്നിട്ടുള്ളത്. ഇവയെ പരിപാലിക്കാനായി ജീവനക്കാരുമുണ്ട്. പശുക്കളെ വാങ്ങുന്നതിനുള്ള ചെലവ് ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസുവും ചില ഭക്തരും ചേര്‍ന്നാണ് വഹിച്ചത്. പാല്‍ കറന്നെടുക്കുന്നത് യന്ത്രംം ഉപയോഗിച്ചാണ്. കൂടാതെ പശുക്കള്‍ക്ക് വെള്ളം നല്‍കുന്നതിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
നിന്ന് തിരിയാന്‍ പോലും സൗകര്യങ്ങളില്ലാതെ ദുരിതത്തിലായിരുന്ന പഴയ ഗോശാലയില്‍ നിന്നും പശുക്കളെ പുതിയ ഗോശാല നിര്‍മ്മിച്ച് മാറ്റിയിരുന്നു. ഇവിടെ കിടാങ്ങള്‍ ഉള്‍പ്പെടെ 14 പശുക്കളാണുള്ളത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് കറവ പശുക്കളായുള്ളത്. അതിനാല്‍ പാല്‍പായസത്തിനും നിത്യനേദ്യത്തിനും ആവശ്യമായ പാല്‍ പുറത്തുനിന്നുമാണ് വാങ്ങിയിരുന്നത്. ഒരു ദിവസം 150 മുതല്‍ 200 ലിറ്റര്‍ വരെ പാല്‍ പാല്‍പ്പായിസത്തിന് തന്നെ വേണ്ടിവരും. പുതിയ പശുക്കളെ കൂടി വാങ്ങിയതോടെ പാല്‍പ്പായസത്തിനാവശ്യമായ പാല്‍ ഉത്പ്പാദിപ്പിക്കാനാകും.
















