അമ്പലപ്പുഴ: അപസ്മാര രോഗിയെയും കൊണ്ടുവന്ന ബൈക്കിന്റെ പാര്‍ക്കിങ് ഫീസ് നല്‍കിയില്ലെന്ന കാരണത്താല്‍ ചങ്ങലയിട്ടു പൂട്ടിയതായി ആരോപണം. കളര്‍കോട് തൂക്കുകുളം സൗപര്‍ണികയില്‍ ബിനു ദീപ്തി ദമ്പതികളുടെ നാല് വയസുകാരിയായ മകളെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ എത്തിച്ചത്. കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പാര്‍ക്കിങ് ഫീസ് നല്‍കാനായില്ല. മരുന്നു വാങ്ങാനായി കുട്ടിയുടെ ബന്ധു തിരികെ ബൈക്കെടുക്കാനെത്തിയപ്പോഴാണ് ചങ്ങലയിട്ട് പൂട്ടിയതായി കാണുന്നത്. പാര്‍ക്കിങ്ങിലെ ജീവനക്കാരന്‍ സ്ഥലത്തില്ലാത്തതിനാല്‍ നടന്ന് പോയാണ് മരുന്ന് വാങ്ങിയത്. മണിക്കൂറുകള്‍കളോളം കാത്ത് നിന്നതിന് ശേഷമാണ് ജീവനക്കാരന്‍ എത്തുന്നത്. പാര്‍ക്കിങ് ഫീസ് കൊടുത്തുകഴിഞ്ഞാണ് പൂട്ട് തുറന്ന് കൊടുത്തത്.
















