ന്യൂദല്‍ഹി: ബര്‍ദ്വാന്‍ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ഷഹനൂര്‍ ആലം ദേശീയഅന്വേഷണ ഏജന്‍സിയുടെ പിടിയിലായി. ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെഎംബി) ഫിനാന്‍ഷ്യല്‍ ബ്രെയിനാണ് ആലം. ആസാം നല്‍ബരി ജില്ലയിലെ സെക്യൂരിറ്റി ഏജന്‍സിയുടെ സഹായത്തില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് എന്‍ഐ ഇയാളെ അറസ്റ്റുചെയ്തത്.
ബര്‍ദ്വാന്‍ സ്ഫോടനത്തിനുശേഷം ആലം ഒളിവില്‍ പോയി. തുടര്‍ന്ന് ആലത്തിനായി എന്‍ഐഎ ആസാം പോലീസ്, സെന്‍ട്രല്‍ സുരക്ഷാ ഏജന്‍സി എന്നിവരുമായി സഹകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. വിവരംനല്‍കുന്നവര്‍ക്ക് എന്‍ഐഎ അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസം ആലത്തിന്റെ ഭാര്യയേയും മറ്റൊരു പ്രതിയായ സാജിദിനേയും അന്വേഷണസംഘം അറസ്റ്റുചെയ്തിരുന്നു.
ഡോക്ടര്‍ എന്ന് വിളിപ്പേരുള്ള ഇയാളെ ബാര്‍പേട്ട ജില്ലയിലെ ചട്ടാല ഗ്രാമത്തില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്. ജെഎംബിയുടെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പണംകണ്ടെത്തുന്നത് ആലമാണ്.
ഒക്ടോബര്‍ രണ്ടിനാണ് ബര്‍ദ്വാനിലെ റെസിഡന്‍ഷ്യല്‍ കോളനിയില്‍ സ്ഫോടനമുണ്ടായത്. ഇതില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് ഭീകരരാണ് സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കേസ് ഏറ്റെടുത്ത എന്‍ഐഎ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബംഗ്ലാദേശ് ഭീകരസംഘടനയുടെ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: