ഭാരതീയ പുരാണേതിഹാസങ്ങള്‍ നിരവധി രാക്ഷസ-ആസുര പ്രകൃതികളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. സനാതനധര്‍മത്തോട് സന്ധിയില്ലാ സമരംചെയ്ത് അവസാനം പരാജയപ്പെടുന്നവരാണിവര്. ആഗ്രഹം പൂര്‍ത്തീകരിക്കാനാകാതെ മണ്ണടിയേണ്ടവന്ന ഇത്തരക്കാരുടെ പുനര്ജന്മങ്ങളാണ് ഇന്നീ രാജ്യത്തുള്ള സ്വയംപ്രഖ്യാപിത മതേതരവാദികളെന്ന് ആര്‍എസ്എസിനോടും പരിവാര്‍ പ്രസ്ഥാനങ്ങളോടും ഇവര്‍ക്കുള്ള യുക്തിഹീനമായ ശത്രുതാ മനോഭാവം വിളംബരം ചെയ്യുന്നു.
അനാദിയും അതുല്യവുമാണ് ഹൈന്ദവ സംസ്കൃതി. മഹത്തായൊരു ജീവിത വീക്ഷണവും ജീവിത വ്യവസ്ഥയും അതിനുണ്ട്. മാനവരാശിയുടെ ഇഹപര ക്ഷേമത്തിനുവേണ്ട പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുള്ളതും മറ്റൊന്നല്ല. എല്ലാവര്ക്കും മംഗളമുണ്ടാകട്ടെ എന്നാണ് ഹിന്ദുവിന്റെ പ്രാര്‍ത്ഥന. പക്ഷേ ഈ മേന്മകളെയെല്ലാം നിഷ്പ്രഭമാക്കുന്നവിധം ഒന്നിനും കൊള്ളാത്ത ആള്‍ക്കൂട്ടം മാത്രമായി ഹൈന്ദവ സമൂഹം അധഃപതിക്കുകയും ഭാരതത്തിന്റെ നിലനില്‍പ്പിനും ഈ അപചയം ഹേതുവാകുകയും ചെയ്ത സന്നിഗ്ദ്ധഘട്ടത്തില്‍ ചരിത്രനിയോഗമായാണ് ആര്‍എസ്എസ് രൂപീകൃതമായത്. അന്യരുടെ സമ്പത്തോ സാമ്രാജ്യങ്ങളോ അത് കാംക്ഷിക്കുന്നില്ല, ഇതര വിശ്വാസപ്രമാണങ്ങളെ ഇല്ലാതാക്കാനുദ്യമിക്കുന്നുമില്ല, പ്രത്യുത ഹിന്ദുത്വത്തിന്റെ അഭ്യുദയം അതിന്റെ സ്വന്തം മണ്ണില്‍ ഉറപ്പുവരുത്താനും തദ്വാരാ ആര്‍ഷഭാരതത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കുവാനുമാണ് സംഘം ലക്ഷ്യമിടുന്നത്. ഭൂമിയിലെ മഹത്തായ മറ്റു സംസ്കാരങ്ങളെല്ലാം ആന്തരിക ജീര്‍ണതയും ബാഹ്യമായ കടന്നാക്രമണങ്ങളുംകൊണ്ട് ചരിത്രാവശിഷ്ടമായിത്തീര്ന്നിട്ടുള്ള പശ്ചാത്തലത്തില്‍ ആര്‍എസ്എസിന്റെ ലക്ഷ്യത്തെ ശ്ലാഘനീയമായേ സംസ്കൃത ചിത്തര്‍ക്കു വിലയിരുത്താനാകൂ. കൂടാതെ ഈ രാജ്യത്തിന്റെ ഭൂതകാല ദുരിതങ്ങള്‍ക്കും വൈദേശികാധിനിവേശങ്ങള്ക്കുമെല്ലാം ഹൈന്ദവജനതയുടെ അനൈക്യത്തേയും ജാഗ്രതക്കുറവിനേയും കുറ്റപ്പെടുത്തുന്നവരാണല്ലോ നമ്മുടെ മതേതരക്കാര്‍. ഒരു സെക്കുലര്‍ മഹാപണ്ഡിതനെഴുതിയിട്ടുള്ള ‘ഗവേഷണ ഗ്രന്ഥ’ത്തിന്റെ പേരുപോലും ”ഹിന്ദുചരിത്രം-പരാജയങ്ങളുടെ തുടര്‍ക്കഥ” എന്നാണ്. അസത്യത്തേക്കാള്‍ നിന്ദ്യമായ അല്പ്പസത്യമാണിതെങ്കിലും ഇതും ശ്രദ്ധിക്കേണ്ടതുണ്ടല്ലൊ.
പക്ഷേ ഇത്രയും കാലം ഹിന്ദുക്കളുടെ അസംഘടിതത്വത്തെ പഴിച്ചിരുന്നവരിപ്പോള് അവരെ സംഘടിതരാക്കാനുദ്യമിക്കുന്നതിനെ അതിലും വലിയ അപരാധമായി മുദ്രകുത്തുന്നു. വര്‍ഗീയ ഫാസിസ്റ്റു പദ്ധതിയാണത്രെ ആര്‍എസ്എസിന്റേത്. ലോകത്ത് മുസ്ലിങ്ങള്‍ ഭൂരിപക്ഷമായത് മുസ്ലിംരാഷ്ട്രം, ക്രൈസ്തവര്‍ ഭൂരിപക്ഷമായാല്‍ ക്രിസ്ത്യന്‍ രാഷ്ട്രം. ഇംഗ്ലണ്ട് ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഈയിടെ പറയുകയുണ്ടായി. പക്ഷേ ഹൈന്ദവര്‍ ഭൂരിപക്ഷമായി കണക്കാക്കപ്പെടുന്ന രാജ്യത്തെ വിളിക്കേണ്ടത് മതേതര രാഷ്ട്രമെന്നും സങ്കരസംസ്ക്കാര ഭൂമിയെന്നുമാണത്രെ! ഹിന്ദു-മുസ്ലിം ദ്വിരാഷ്ട്രവാദത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെട്ടിട്ടും പാക്കിസ്ഥാനാകുന്ന ഇസ്ലാമിക രാജ്യം സൃഷ്ടിക്കപ്പെട്ടിട്ടും ഇതാണീ ഭൂപ്രദേശത്തെ സംബന്ധിക്കുന്ന അവസ്ഥ. സങ്കരസംസ്കാരമെന്ന ഒതളങ്ങ ദൈവം ഈ മണ്ണില്‍ മാത്രം കൃഷി ചെയ്തു വിളവെടുക്കുന്നതായിരിക്കും. പാക്കിസ്ഥാന് 5000 വര്‍ഷത്തെ ചരിത്രപൈതൃകമുണ്ടത്രെ. ഏതാണീ പൈതൃകം? പക്ഷേ മതേതര കുബുദ്ധികളുടെ വികല നിലപാടുകളെ ചോദ്യം ചെയ്താല്‍ സംഘത്തിനവര് പതിത്വം കല്പ്പിക്കുന്നു.
അതുപോലെ വിദേശീയരില്‍ നിന്നും സ്വദേശീയരിലേക്ക് 1947ലുണ്ടായ അധികാരക്കൈമാറ്റം ഹൈന്ദവ ജനതയെ സംബന്ധിച്ചിടത്തോളം വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് വീണ സ്ഥിതി സംജാതമാക്കിയ സാഹചര്യത്തിലാണ് ബിജെപിയുടെ ആവിര്‍ഭാവം പ്രസക്തമാകുന്നത്. ഈ രാജ്യത്തെ രാഷ്ട്രീയ കക്ഷികളെല്ലാം മതന്യൂനപക്ഷങ്ങളായി വിവക്ഷിക്കപ്പെടുന്നവര്ക്കുവേണ്ടി മാത്രം നിലകൊള്ളുമ്പോള്‍ നിരാലംബരായ ഹിന്ദുക്കള്‍ക്കായി കൂടി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അഭാവം പരിഹരിക്കുകയും കൂടിയാണ് ബിജെപി ചെയ്യുന്നത്.
വാസ്തവത്തില്‍ എവിടെയും ന്യൂനത അനുഭവിക്കുന്നവരെയാണ് ന്യൂനപക്ഷമായി പരിഗണിക്കേണ്ടത്. ആ നിലയ്ക്ക് വിലയിരുത്തുമ്പോള്‍ ഭാരതത്തിലെ മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പട്ടികയില്‍ ഇടംപിടിക്കുന്നില്ലെന്ന് കാണാം. കാരണം സംഘടിതരും ശക്തരും ആഗോള മുസ്ലിം-ക്രൈസ്തവ രാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്നവരുമാണവര്. ഈ സൗഭാഗ്യങ്ങളൊന്നും ഹിന്ദുവിന് അവകാശപ്പെടാനില്ല. മാത്രമല്ല രാജ്യത്തെ ഓരോ സെന്‍സസും സൂചിപ്പിക്കുന്നത് ഹൈന്ദവ ജനസംഖ്യ കുറഞ്ഞുവരുന്നതായും സെമറ്റിക് മതങ്ങളുടെ അംഗസംഖ്യ കൂടിവരുന്നതായിട്ടുമാണ്. ഇതിനര്‍ത്ഥം ഹിന്ദുവിനാണിവിടെ ന്യൂനത എന്നല്ലേ? കേരളത്തില്‍ ഹൈന്ദവര്‍ ഭൂരിപക്ഷമാണെന്നാണ് വയ്പ്പ്. പക്ഷേ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരില്‍ മതന്യൂനപക്ഷ മന്ത്രിമാരാണ് ഭൂരിപക്ഷം. ഭരണമഹത്വം പറയുകയും വേണ്ട. എണ്ണംകൊണ്ട് ഹിന്ദുഭൂരിപക്ഷമുള്ളപ്പോഴാണ് ഭാരതം വെട്ടിമുറിക്കപ്പെട്ടതും വലിയൊരു ശതമാനം ഹിന്ദുക്കള്‍ വഴിയാധാരമായതും. 1921 ല്‍ മലബാറിലെ മാപ്പിള ലഹളക്കാലത്ത് മഹാഭൂരിപക്ഷമായിരുന്നു അവിടുത്തെ ഹിന്ദുജനസംഖ്യ. എന്നിട്ടും വേട്ടയാടപ്പെട്ടതാരാണ്? മറുവശത്ത് കശ്മീരില്‍ മുഴുവന്‍ മുസ്ലിങ്ങളാണ്. അവിടെയെന്തിന് ദീപാവലി ആഘോഷിക്കണം എന്നല്ലേ ഹുറിയത്ത് തമ്പുരാന് ചോദിക്കുന്നത്? അതുപോലെ ഭാരതത്തില്‍ ഹൈന്ദവരുടെ എണ്ണക്കുറവോ അസാന്നിദ്ധ്യമോ ഉള്ള പ്രദേശങ്ങളിലെല്ലാം വിഘടനപ്രവണതയുമുണ്ട്. പക്ഷേ ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നിരാകരിച്ചുകൊണ്ട് മതേതര മുഖംമൂടികള്‍ അവരുടെ രാഷ്ട്രീയ അപഥസഞ്ചാരം തുടരുന്നു.
എന്നാല്‍ പൊതുജനം വസ്തുതകള്‍ തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങിയതിന്റെ തെളിവാണ് ബിജെപി നേടിക്കൊണ്ടിരിക്കുന്ന വന്‍ സ്വീകാര്യത. നേര്‍വഴിക്കു ചിന്തിക്കുന്ന മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗക്കാരും ഇതില്‍ ഭാഗഭാക്കുകളാണ്. ഇത്രയും കാലം പശുമേഖലാ പ്രതിഭാസവും ബ്രാഹ്മിണ്‍-ബനിയാ കമ്പനിയുമായി പരിഹസിക്കപ്പെട്ടിരുന്ന ബിജെപിക്ക് ഇന്നുണ്ടായിട്ടുള്ള അഖിലേന്ത്യാ സാന്നിദ്ധ്യവും സ്വാധീനവും നരേന്ദ്രമോദിയെന്ന പിന്നോക്ക വിഭാഗക്കാരന് അതിനു നിമിത്തമായതും സെക്കുലര്‍ പ്രഭൃതികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നു. പ്രസ്തുത പാര്‍ട്ടിയെക്കുറിച്ച് ഛര്‍ദ്ദിച്ചതെല്ലാം വിഴുങ്ങേണ്ട ഗതികേടിലാണല്ലൊ ഈ വര്‍ഗം. പക്ഷേ അങ്കക്കലിയടങ്ങാതെ ബിജെപിക്കും മോദിക്കുമെതിരായി അവസാന കടന്നാക്രമണത്തിനു കച്ചമുറുക്കുകതന്നെയാണിവര്.
ഇവിടെ മായാവതിയോ അരുന്ധതി റോയിയോ എന്നുവേണ്ട ഗാന്ധിജിയെ ആരെത്ര അവഹേളിച്ചാലും നമ്മുടെ കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് മതേതരന്മാര്ക്കതു വിഷയമല്ല. എന്നാല്‍ നെഹ്റുവിനെതിരെ എന്തെങ്കിലും ഉരിയാടിയാലത് മാപ്പര്ഹിക്കുന്നില്ലത്രെ. പക്ഷേ ഇതേ മാന്യന്മാര് വര്‍ഷങ്ങളായി നരേന്ദ്രമോദിയെ വിശേഷിപ്പിക്കുന്നത് മരണത്തിന്റെ വ്യാപാരി, കൊലയാളി, വംശഹത്യക്കാരന്‍, നരാധമന്, ശവമോടി, ചായ വില്ക്കാന് മാത്രം യോഗ്യതയുള്ളവന്, താണ രാഷ്ട്രീയത്തിന്റെ മുഖം, 56 ഇഞ്ചു നെഞ്ചളവ് യോഗ്യതയായിട്ടുള്ളവന് എന്നെല്ലാമല്ലേ. ബംഗാളിലെ ഭീകരവാദികളുടെ പോറ്റമ്മ മോദിയെ കഴുതയെന്നുപോലും സംബോധന ചെയ്തു. കുന്നംകുളത്തേയും ഗുരുവായൂരിലേയും വിദ്യാര്‍ത്ഥി സഖാക്കള്‍ വിപ്ലവ പാര്‍ട്ടി നിലവാരമനുസരിച്ച് അദ്ദേഹത്തെ തെറികൊണ്ടഭിഷേകം ചെയ്തതു വേറെ. ലോകത്ത് മറ്റേതെങ്കിലും രാഷ്ട്രീയ നേതാവ് ഇത്രയും അവഹേളിക്കപ്പെട്ടിട്ടുണ്ടോ?
സാക്ഷരതയുടെ നാട്ടിലെ സ്ഥിതിയാണ് കൂടുതല്‍ രൂക്ഷം. സെക്കുലര്‍ സവര്‍ണരും പത്രമുത്തശ്ശിമാരും ദൃശ്യമാധ്യമ മാടമ്പിമാരും ചേര്‍ന്ന് ബിജെപി-മോദി വിരോധം പ്രകടിപ്പിച്ചു പ്രകടിപ്പിച്ച് ഇവിടെ രാക്ഷസ ദേശമായിരിക്കുന്നു. സാക്ഷരന്‍ തലതിരിയുമ്പോഴാണല്ലൊ രാക്ഷസനുണ്ടാകുന്നത്. പ്രധാനമന്ത്രി തുടങ്ങിവയ്ക്കുന്ന എല്ലാ നല്ല പദ്ധതികള്‍ക്കുമെതിരെ മുഖംതിരിഞ്ഞുനില്ക്കുകയാണിവര്. ഇക്കണക്കിന് ഉദയസൂര്യന്റെ അരുണവര്ണത്തെപ്പോലും ‘ദൈവത്തിന്റെ’ നാട് വിമര്‍ശിക്കുന്ന കാലം വിദൂരമല്ല.
ഈയിടെ ഒരു ഇംഗ്ലീഷ് ചാനലിന്റെ ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പാക്കിസ്ഥാന് മുസ്ലിംലീഗിന്റെ നേതാവ് മോദിയെ വിളിച്ചത് ഹിന്ദു ഭീകരന് എന്നാണ്. ഡോ.സുബ്രഹ്മണ്യന് സ്വാമി ഇതിന് ചുട്ടമറുപടി നല്കി. പക്ഷേ സെക്കുലര്‍ ഭാരതം നരേന്ദ്രമോദിക്കെതിരായി നടത്തുന്ന കുപ്രചാരണങ്ങളില്‍ നിന്നും സംഭരിക്കുന്ന ഊര്‍ജമല്ലേ പരദേശി മതഭ്രാന്തനെ ഇങ്ങനെയുള്ള പ്രവചനങ്ങള്‍ക്ക് പ്രാപ്തനാക്കുന്നത്? 2008 ല്‍ പാക്കിസ്ഥാന് സ്പോണ്സര് ചെയ്ത ഭീകരാക്രമണത്തില്‍ മുംബൈ എടിഎസ് തലവന്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ കാവിയുടെ മണംപിടിച്ചവരാണ് നമ്മുടെ മതേതരന്മാര്. പിന്നീട് പ്രസ്തുത ഭീകരാക്രമണത്തെക്കുറിച്ചുള്ള 11000 പുറം വരുന്ന അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ അതില്‍ വിദേശശക്തികള്ക്കെതിരെയുള്ളത് ഒരുപുറം മാത്രമാണ്. അന്താരാഷ്ട്ര കോടതിയിലെ ജപ്പാന്കാരനായൊരു ന്യായാധിപന് ഈ റിപ്പോര്‍ട്ടു വായിച്ച് ക്ഷുഭിതനായതായി വാര്‍ത്തയുണ്ടായിരുന്നു. കാരണം വാദിയെ പ്രതിയാക്കുന്നതും പാക്കിസ്ഥാനെ സഹായിക്കുന്നതുമാണത്രെ അത്. ഇപ്പോള്‍ കശ്മീര്‍ പ്രശ്നം വീണ്ടും ഏറ്റുപിടിക്കുകയാണല്ലൊ പാക്കിസ്ഥാന്. പക്ഷേ ഗാന്ധിജിയുടെ പൗത്രനും ആം ആദ്മിക്കാരനുമായ രാജ്മോഹന്‍ ഗാന്ധിയെന്ന സെക്കുലര്‍ ബുദ്ധിജീവി 1998 ല്‍ ഇതേ പാക്കിസ്ഥാനില്‍ പോയി പ്രസംഗിച്ചത് ജമ്മുകാശ്മീരില്‍ ഹിതപരിശോധന നടത്താന്‍ ഭാരതം ഉപേക്ഷ കാട്ടുന്നുവെന്നാണ്. ഇതാണ് നമ്മുടെ മതേതരത്വത്തിന്റെ തനിനിറം. ഇവര്‍ രാജ്യത്തിന്റെ മിത്രങ്ങളോ ശത്രുക്കളോ?
എന്തായാലും ഇന്ന് ആര്‍എസ്എസ് ഭാരതത്തിലെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനവും ബിജെപി ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയും ബിഎംഎസ് ഒന്നാമത്തെ തൊഴിലാളി സംഘടനയും എബിവിപി മുന്‍നിര വിദ്യാര്‍ത്ഥി കൂട്ടായ്മയും മറ്റുമാണ്. അതേസമയം സംഘവിരോധികള്‍ എല്ലാരംഗത്തും വംശനാശം നേരിടുന്നു. ജനപിന്തുണയില്ലാതെ ഭാരതമണ്ണിന്റെ മണവും ഗുണവും പേറുന്നവര്ക്കീ നേട്ടങ്ങളൊന്നും കൈവരിക്കാനാകില്ല. അതുകൊണ്ട് സംഘപരിവാറിനെ അധിക്ഷേപിക്കുന്നവര്‍ ഈ രാജ്യത്തെ ജനകോടികളെയാണ് അധിക്ഷേപിക്കുന്നത്. ഈ തിണ്ണമിടുക്ക് ഇനിയൊട്ടും വിലപ്പോയിക്കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: