ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ 2015 ലെ ഭാരത റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുമെന്ന് അമേരിക്കന്‍ നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഭാരത ഭരണഘടന രൂപീകൃതമായ ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥിയായെത്തുന്നത്. മാത്രമല്ല തന്ത്രപ്രധാന മേഖലകളിലെ ഭാരത-അമേരിക്കന്‍ സഹകരണം കൂടുതല്‍ വിപുലീകരിച്ച് ദൃഢപ്പെടുത്താനാണ് തങ്ങളുദ്ദേശിക്കുന്നതെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് ട്വീറ്റ് ചെയ്തു.
ഭാരതതത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യാതിഥിയായി ക്ഷണം ലഭിച്ചത് ഒബാമ ബഹുമതിയായി കരുതുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് ബെന്‍ റോഡ്‌സ് പറഞ്ഞു.
അമേരിക്കയുടെ നിരവധി മുന്‍ വിദേശകാര്യ നയതന്ത്ര പ്രതിനിധികള്‍ ഒബാമയുടെ ഭാരത സന്ദര്‍ശനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
















