ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി നേതാവ് അര്‍ജുന്‍ മുണ്ടെ ഉപഹാരം നല്‍കുന്നു
റാഞ്ചി: ഝാര്‍ഖണ്ഡില്‍ വികസനം വരണമെങ്കില്‍ വംശാധിപത്യ
ത്തെ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ സംസ്ഥാനം വിഭവസമൃദ്ധമാണ്. പക്ഷേ ജനം ദരിദ്രരും. കാരണം ജനങ്ങള്‍ സ്വപ്‌നങ്ങള്‍ തകര്‍ത്ത് സര്‍ക്കാരാണ് ഇതുവരെ ഇവിടം ഭരിച്ചത്, മോദി പറഞ്ഞു. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ദല്‍ത്തോഗഞ്ചില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകാഭിവൃദ്ധിക്കാണ് തന്റെ സര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത്. ആസ്‌ട്രേലിയയിലെ സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തവെ ഭാരതത്തിലെ കര്‍ഷകരുടെ ഉത്പാദനക്ഷമത കൂട്ടുന്നതിനെക്കുറിച്ച് അവിടുത്തെ ശാസ്ത്രജ്ഞന്മാരുമായി ചര്‍ച്ച നടത്തി. അതുപോലെ തന്നെ ജപ്പാന്‍ സന്ദര്‍ശനത്തിലും സംഭവിച്ചു. നോബേല്‍ ജേതാവായ ശാസ്ത്രജ്ഞനെ സന്ദര്‍ശിച്ചപ്പോള്‍ നമ്മുടെ ആദിവാസി കുടുംബങ്ങളുടെ ആരോഗ്യസംരക്ഷണം സംബന്ധിച്ച ചര്‍ച്ചയും നടത്തിയെന്ന് മോദി ചൂണ്ടിക്കാട്ടി.
ഝാര്‍ഖണ്ഡിലെ സര്‍ക്കാര്‍ കേന്ദ്രമന്ത്രിമാരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് പറയുന്നത്. മോദി സര്‍ക്കാരിലെ മന്ത്രിമാരെ ഇവിടെ എത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി പുറത്തുവരുമെന്നതാണ് ഈ എതിര്‍പ്പിന് കാരണം. അറുപത് വര്‍ഷം രാജ്യം ഭരിച്ചവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് അറുപത് ദിവസം കൊണ്ട് ജന്‍ ധന യോജനയിലൂടെ തന്റെ സര്‍ക്കാര്‍ ചെയ്തത്. അവസരം തന്നാല്‍ ഝാര്‍ഖണ്ഡിലെ ചെറുപ്പക്കാര്‍ക്കും ആദിവാസികള്‍ക്കും വേണ്ടതെല്ലാം താന്‍ ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പു കൊടുത്തു.
സ്‌കൂളുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കണം. മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ സ്വാധീനമുള്ള പട്ടികവര്‍ഗ സമൂഹം ബിജെപിയെ തെരഞ്ഞെടുത്തു. അവിടങ്ങളില്‍ അവര്‍ക്കു വേണ്ടിയാണ് പാര്‍ട്ടിയുടെ ഭരണം. അതുപോലെ ഇവിടെയും സംഭവിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഝാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നക്‌സല്‍ ആക്രമണം നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് പലാമു. 81 അംഗ ഝാര്‍കണ്ഡ് അസംബ്ലിയിലേക്ക് അഞ്ചു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കും. ഡിസംബര്‍ 23 നാണ് വോട്ടെണ്ണല്‍.
















