ന്യൂദല്‍ഹി: ദല്‍ഹിയിലെ ജമാ മസ്ജിദ് ഷാഹി ഇമാമിന് തന്റെ മകനെ പിന്തുടര്‍ച്ചാവകാശിയാക്കാന്‍ നിയമപരമായ അധികാരമില്ലെന്ന് ദല്‍ഹി ഹൈക്കോടതി. എന്നാല്‍ ഷാഹി ഇമാമിന്റെ മകനെ ജമാമസ്ജിദ് ഡെപ്യൂട്ടി ഇമാമാക്കാനുള്ള നീക്കം തടയണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. കേന്ദ്രത്തിനോടും വഖഫ് ബോര്‍ഡിനോടും ഇമാം ബുഖാരിയോടും ജനുവരി 28ന് ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബര്‍ 22ന് ജമാ മസ്ജിദില്‍ നടക്കുന്ന പിന്തുടര്ച്ചാവകാശിയെ വാഴിക്കല്‍ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വ്യാഴാഴ്ച കേന്ദ്രവും വഖഫ് ബോര്‍ഡും ദല്‍ഹി ഇമാമിന് മകനെ പിന്തുടര്‍ച്ചാവകാശിയാക്കാന്‍ നിയമപരമായ അധികാരമില്ലെന്ന് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ജി. രോഹിണിയും ജസ്റ്റിസ് ആര്.എസ്. എന്‍ഡ്ലോയും അടങ്ങുന്ന ബെഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. മുഗള്‍ഭരണകാലത്ത് ഉണ്ടാക്കിയ ജമാ മസ്ജിദ് വഖഫ് സ്വത്താണെന്നും അവിടെ ഡെപ്യൂട്ടി ഇമാമിനെ നിശ്ചയിക്കാനുള്ള അധികാരം നിലവിലെ ഇമാമിനില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ജമാ മസ്ജിദ് ചരിത്ര തിരുശേഷിപ്പായതിനാല്‍ പുരാവസ്തുവായി പ്രഖ്യാപിച്ച് അതിന്റെ ദേശീയ പ്രാധാന്യം സംരക്ഷിക്കണമെന്ന് പുരാവസ്തുവകുപ്പും കോടതിയോട് അപേക്ഷിച്ചിരുന്നു.
സുഹൈല്‍ അഹമ്മദ് ഖാന്, അജയ് ഗൗതം, അഡ്വ വി.കെ. ആനന്ദ എന്നിവര്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ജമാ മസ്ജിദ് ദല്‍ഹി വഖഫ് ബോര്‍ഡിന്റെ വകയാണെന്നും അതിലെ ഒരു തൊഴിലാളി മാത്രമായ ഇമാമിന് മകനെ ഡെപ്യൂട്ടി ഇമാം ആക്കാനുള്ള അധികാരമില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഒക്ടോബര്‍ 30നായിരുന്നു തന്റെ 19 കാരനായ മകന് ജമാ മസ്ജിദിലെ ഡെപ്യൂട്ടി ഇമാമാകുമെന്നും അതിന്റെ ചടങ്ങ് ദസ്തര്‍ബന്ധി നവംബര്‍ 22ന് നടക്കുമെന്ന് ഷാഹി ഇമാം പ്രഖ്യാപിച്ചത്. ഷാഹി ഇമാം എന്നത് പൊതുസ്ഥാനമാണെന്നും അത് സയ്യിദ് അഹമ്മദ് ബുഖാരിയുടെ വൈയക്തിക സ്ഥാനമല്ലെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.
മകനെ ഡെപ്യൂട്ടി ഇമാമാക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാതെ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ച് ഇമാം വിവാദമുയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: