യുണൈറ്റഡ് നേഷന്‍സ്: സിറിയയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ 74 രാജ്യങ്ങളില്‍നിന്നുള്ള പന്ത്രണ്ടായിരത്തോളം ഭീകരര്‍ കൂടി എത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യ കിഴക്കന്‍ രാജ്യങ്ങളില്‍നിന്നാണ് ബഹുഭൂരിപക്ഷം പേരും.
1980 നുശേഷം സിറിയ നേരിട്ടിട്ടുള്ള ഏറ്റവും വലിയ പ്രശ്‌നമാണിത്. സോവ്യറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാന്‍ കൈവശപ്പെടുത്തുവാന്‍ ശ്രമിച്ചപ്പോഴാണ് ഇതിനുമുമ്പ് ഇത്രയധികം ആളുകള്‍ യുദ്ധത്തിനൊരുങ്ങിയത്. അന്ന് ഏകദേശം 20,000 പോരാളികളാണ് പങ്കെടുത്തത്.
ഭീകരാക്രമണം അടുത്ത തലമുറ ഏറ്റെടുക്കുന്നതിന്റെ സൂചന കൂടിയാണിത്. സപ്തംബര്‍ 24 ന് നടക്കുന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുമായി ഇക്കാര്യം ചര്‍ച്ച നടത്തുമെന്ന് പ്രൊഫ. പീറ്റര്‍ ന്യൂമാന്‍ വ്യക്തമാക്കി. ഒബാമയാണ് യോഗത്തിലധ്യക്ഷത വഹിക്കുക.
ടുണീഷ്യയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയിട്ടുള്ളത്. മൂവായിരം പേര്‍. സൗദി അറേബ്യ, മൊറാക്കൊ, ജോര്‍ദാന്‍, ബല്‍ജിയം, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
ഇസ്ലാമിക് മിലിറ്റന്റ് ഗ്രൂപ്പ് സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ നല്ലൊരു ശതമാനം സ്ഥലം ഫലപ്രദമായി നശിപ്പിച്ചിട്ടുണ്ടെന്നാണ് ന്യൂമാന്‍ പറയുന്നത്. ഡിസംബറിനും ജൂണിനുമിടയില്‍ പോരാളികളുടെ എണ്ണം കുറയുകയൊ നിഷ്‌ക്രിയമാക്കപ്പെടുകയൊ ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ഇസ്ലാമിക് ഭീകരര്‍ കൈയടക്കിയ പ്രദേശം പിന്നീട് തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ കൈയടക്കുകയും അവിടെ ഖലീഫയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
















