ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ പവര്‍പാക്ട് പെര്‍ഫോമന്‍സ് നിറഞ്ഞ പുതിയ സിനിമയാണ് മേരികോം. പ്രദര്‍ശനത്തിനെത്തിയ ആദ്യ വാരം മേരികോം നേടിയത് 30 കോടി. അധ്യാപകദിനത്തില്‍ തീയറ്ററുകളിലെത്തിയ സിനിമ ആദ്യ ദിവസം തന്നെ എട്ടുകോടിയാണ് വാരിക്കൂട്ടിയത്. തൊട്ടടുത്ത ദിവസം 9.25 കോടിയായി. ഞായറാഴ്ച 30 കോടിയിലെത്തി. സിനിമ വന്‍ വിജയം നേടി മുന്നേറുമെന്നാണ് പ്രിയങ്കയുടെ പ്രതീക്ഷ. ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലെ 1,800 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മണിപ്പൂരിന്റെ കായിക താരം മേരികോമിന്റെ ജീവിത കഥ പറയുന്ന സിനിമ സ്വന്തം നാട്ടുകാര്‍ക്കു മാത്രം കാണാന്‍ സാധിക്കില്ലല്ലോയെന്ന സങ്കടവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.
തന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് മേരികോമിനുവേണ്ടി നല്‍കിയതെന്നും രാജ്യത്തെ സ്ത്രീകള്‍ക്ക് മേരികോം പ്രോത്സാഹനമാകുമെന്നുമാണ് നടി പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ കുറിച്ചത്. ലോക ബോക്‌സിങ് ജേതാവ്, ഭാരതത്തിന്റെ അഭിമാനവുമായ മേരികോമിനുള്ള ആദരമായി ചിത്രീകരിച്ചതാണ് ‘മേരികോം’ എന്ന സിനിമ. മേരികോം രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കുമെന്നത് തീര്‍ച്ചയാണ്.
മണിപ്പൂരില്‍ ജനിച്ചു വളര്‍ന്ന മേരികോമിന്റെ കുട്ടിക്കാലം മുതല്‍ ദേശീയ ബോക്‌സിങ് താരമായി വളരുന്ന കാഴ്ചകളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോക്‌സിങ് താരമാകാനുള്ള മേരികോമിന്റെ സ്വപ്‌നത്തെയും തുടര്‍ന്നുള്ള പോരാട്ടങ്ങളെയും മികച്ച രീതിയില്‍ പ്രിയങ്ക അവതരിപ്പിച്ചിട്ടുണ്ട്.
മേരി കോമായി ജീവിക്കുകയാണ് പ്രിയങ്ക. ശാരീരികമായും മാനസികമായും പ്രിയങ്ക ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ബോക്‌സിങ് പഠിച്ചിട്ടാണ് പ്രിയങ്ക ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഷ്ടപ്പാടിനെ മാനിക്കാതിരിക്കാന്‍ വയ്യ. ഉത്തര്‍പ്രദേശില്‍ നികുതിയില്ലാതെയാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രം സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നതിനാലാണ് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് നികുതിയില്‍ ഇളവ് നല്‍കിയത്. സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വനിതാബോക്‌സിങിലെ ലോകതാരമായ മേരികോമിന്റെ ജീവിതമാണ് അഭ്രപാളിയിലെത്തിയിരിക്കുന്നത്. പ്രിയങ്ക ചോപ്രയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാകും ഈ സിനിമ. ഏതൊരു സ്ത്രീക്കും മാതൃകയാക്കാന്‍ പറ്റുന്ന വ്യക്തിത്വമാണ് മേരികോമിന്റേത്. അമ്മയും ഭാര്യയുമായി കുടുംബത്തെയും കായികമെന്ന കലയെയും ഒരുപോലെ സ്‌നേഹിക്കുന്ന സ്ത്രീ. ചുരുക്കിപ്പറഞ്ഞാല്‍ ‘മേരികോം’ ഒരു പെണ്‍ പ്രചോദന സിനിമയാണ്.
















