ശ്രീനഗര്‍: വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി വന്നതോടെ ശ്രീനഗര്‍ ശീതള്‍നാഥ് ക്ഷേത്രത്തില്‍ മന്ത്രോച്ചാരണങ്ങളും മണികളും മുഴങ്ങി. 36 വര്‍ഷത്തിന് ശേഷമാണ് ഹബ്ബാക്കദലിന് സമീപമുള്ള ക്ഷേത്രം ഇന്നലെ തുറന്നത്. കശ്മീരിലെ അശാന്തി കാലത്ത് അടച്ച ക്ഷേത്രം നവീകരിച്ച് വിശ്വാസികള്‍ക്കായി തുറന്നു നല്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കശ്മീരി പണ്ഡിറ്റുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇവരെ പ്രദേശത്തെ മുസ്ലിം സമൂഹം ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. കശ്മീരിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമായി ചടങ്ങ് മാറി. ശ്രീനഗര്‍ സ്മാര്‍ട്ട് സിറ്റി ലിമിറ്റഡിന്റെ (എസ്എസ്‌സിഎല്‍) നേതൃത്വത്തില്‍ ജമ്മുകശ്മീര്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയത്.
1990ല്‍ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തോടെയാണ് ക്ഷേത്രം അടച്ചിടുന്നത്. വര്‍ഷങ്ങള്‍ അടച്ചിട്ടതോടെ ക്ഷേത്ര സമുച്ചയത്തിന് വലിയ നാശനഷ്ടങ്ങളും നേരിട്ടു. തീപിടിത്തത്തിലും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നിരുന്നു.
ക്ഷേത്രത്തിന്റെ ശ്രീകോവില്‍, ഹവന്‍ശാല തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ പുനര്‍നിര്‍മിച്ചാണ് ഇപ്പോള്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയത്. 2021ലെ വസന്ത പഞ്ചമിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പൂജ നടത്താന്‍ ശ്രമിച്ചെങ്കിലും കെട്ടിടം തകര്‍ച്ചയിലായതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ശ്രീനഗറിന്റെ സംരക്ഷകരായി കണക്കാക്കപ്പെടുന്ന അഷ്ടഭൈരവരില്‍ ഒന്നാണ് ശീതള്‍നാഥന്‍.
















