തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ചലച്ചിത്രങ്ങൾ അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി ചുമതലയേറ്റ നടൻ രവീന്ദ്രൻ. തനിക്ക് ഈ വലിയ അവസരം നൽകിയ യു ഡി എഫ് സർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു.ചലച്ചിത്ര മേളകളുമായി നാലു പതിറ്റാണ്ടിന്റെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്ന് രവീന്ദ്രൻ വ്യക്തമാക്കി.
തന്നെ ഏൽപ്പിച്ചിരിക്കുന്നത് വളരെ ഭാരിച്ചതും എന്നാൽ സന്തോഷം നൽകുന്നതുമായ ഒരു ദൗത്യമാണെന്നും, തന്റെ അനുഭവസമ്പത്ത് അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണമായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി പ്രമുഖ മലയാളം-തമിഴ് നടനും ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ സർക്കാർ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്.
















