ചെന്നൈ: ഏത് കാര്യത്തിലും റിയാക്ഷൻ വീഡിയോ ഇട്ട് എത്ര പ്രമുഖരായാലും അവരെ വിമർശിക്കുകയും തേജോവധം ചെയ്യുകയും ചെയ്യുന്ന ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ്. പ്രമുഖ തമിഴ് നടൻ സത്യരാജിന്റെ മകളും ഡിഎംകെ നേതാവുമായ ദിവ്യ ആണ് മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങളുടെ പേരിൽ രംഗനാഥൻ തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് ദിവ്യയുടെ ആരോപണം.മദ്രാസ് ഹൈക്കോടതിയിൽ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് ആണ് ഫയൽ ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 24ന് ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകവതിയുടെ ബെഞ്ച് ഹർജി പരിഗണിച്ചു. ദിവ്യയ്‌ക്ക് ഇടക്കാല ആശ്വാസം അനുവദിച്ച കോടതി, തനിക്കെതിരായ വിവാദ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ബയിൽവാൻ രംഗനാഥനെ വിലക്കി. ഗൂഗിൾ എൽഎൽസി, ഫേസ്‌ബുക്ക് ഇന്ത്യ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എക്സ് കോർപ്പ് എന്നിവയുടെ പ്ലാറ്റ്‌ഫോമുകളിൽ പ്രസ്തുത പരാമർശങ്ങൾ പ്രചരിക്കുന്നത് തടയാനും കോടതി നിർദേശിച്ചു.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിവ്യ സത്യരാജ് വിവാഹത്തെയും ബന്ധങ്ങളെയും കുറിച്ച് നടത്തിയ പരാമർശങ്ങളോടെയാണ് വിവാദത്തിന് തുടക്കമായത്. വിവാഹിതരായതിനാലല്ല, പരസ്പരമുള്ള സ്നേഹവും ആത്മബന്ധവുമാണ് ദമ്പതികൾ ഒരുമിച്ച് ജീവിക്കുന്നതിന് അടിസ്ഥാനമാകേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു.
ഈ അഭിമുഖത്തോട് പ്രതികരിച്ചുകൊണ്ട് ബയിൽവാൻ രംഗനാഥൻ തനിക്കെതിരെ തെറ്റായതും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ദിവ്യയുടെ ആരോപണം. ‘പുതിയ സിന്തനൈ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രംഗനാഥൻ വിവാദ പരാമർശങ്ങൾ നടത്തിയതെന്നും ഹർജിയിൽ പറയുന്നു.തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ബയിൽവാൻ രംഗനാഥനിൽനിന്നും ‘പുതിയ സിന്തനൈ’ യൂട്യൂബ് ചാനലിന്റെ ഉടമ മൊയ്തീനിൽ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ദിവ്യയുടെ ഹർജിയിലെ ആവശ്യം.
കേസ് ഫയൽ ചെയ്ത തീയതി മുതൽ നഷ്ടപരിഹാരത്തുക പൂർണമായി ലഭിക്കുന്നതുവരെ 12 ശതമാനം പലിശയും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക നഷ്ടപരിഹാരത്തിന് പുറമെ, ഭാവിയിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് രംഗനാഥനെ വിലക്കണമെന്ന സ്ഥിരം നിരോധന ഉത്തരവും ദിവ്യ ആവശ്യപ്പെട്ടിട്ടുണ്ട്.ഹർജി പരിഗണിച്ച കോടതി, ഇടക്കാല സംരക്ഷണം അനുവദിക്കുന്നതിന് ആവശ്യമായ പ്രാഥമിക തെളിവുകൾ (prima facie case) ദിവ്യയുടെ അഭിഭാഷകൻ ഡി. രവിചന്ദർ ഹാജരാക്കിയതായി നിരീക്ഷിച്ചു.
മാനനഷ്ടക്കേസ് പരിഗണനയിലിരിക്കെ ഇടക്കാല നിരോധന ഉത്തരവ് അനുവദിച്ചില്ലെങ്കിൽ, സാമൂഹിക-രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവമായ പോഷകാഹാര വിദഗ്ധയായ ദിവ്യയുടെ സൽപ്പേരിനും പൊതുവ്യക്തിത്വത്തിനും ഗുരുതരമായ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.ഈ സാഹചര്യത്തിൽ ഇടക്കാല ആശ്വാസം അനുവദിക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ, വിവാദ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ബയിൽവാൻ രംഗനാഥനെ കോടതി വിലക്കി. ഇത്തരം പ്രസ്താവനകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്നത് തടയാൻ ഗൂഗിൾ, ഫേസ്‌ബുക്ക്, എക്സ് (X) എന്നീ സ്ഥാപനങ്ങൾക്കും കോടതി നിർദേശം നൽകി.











