സുന്ദരിയാകാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പണം വാരിയെറിയുന്നവര്‍ക്ക് പണം മുടക്കാതെ സ്വന്തം വീട്ടിലിരുന്ന് സുന്ദരിയാകാന്‍ ചില നുറുങ്ങുവിദ്യകളുണ്ട്… ഒരു ചെറിയ ഗ്രീന്‍ ടീ ബാഗുണ്ടെങ്കില്‍ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഗ്രീന്‍ടീയുടെ ഗുണത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഉപയോഗത്തിനുശേഷം ടീ ബാഗുകള്‍ വലിച്ചെറിയാതെ അത് തണുപ്പുള്ള അന്തരീക്ഷത്തില്‍ ആദ്യം സൂക്ഷിച്ചുവെക്കുക. തണുത്ത അന്തരീക്ഷത്തില്‍ സൂക്ഷിക്കുന്ന ടീ ബാഗുകള്‍ കണ്ണിനു ചുറ്റും ഇടുന്നത് നീര്‍വീക്കവും കറുപ്പും മാറ്റാന്‍ സഹായിക്കും.
മികച്ച ഒരു സ്‌ക്രബര്‍ കൂടിയാണ് ഗ്രീന്‍ ടീ. ഉപയോഗിച്ചതിനുശേഷമുള്ള ഗ്രീന്‍ ടീയുടെ തരികള്‍ അരച്ച് മുഖത്തിടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. തരിതരിയാക്കിയ പഞ്ചസാരയും വെള്ളവും ചേര്‍ത്താണ് മുഖത്ത് ഉപയോഗിക്കേണ്ടത്. ഈ മിശ്രിതം തണുത്ത അന്തരീക്ഷത്തില്‍ വെച്ചാല്‍ ദീര്‍ഘകാലം നശിച്ചുപോകാതെ സൂക്ഷിച്ചുവെക്കാനും സാധിക്കും. തുല്യ അളവില്‍ ബേക്കിങ് സോഡയും ഗ്രീന്‍ ടീയും തേനും ചേര്‍ത്താല്‍ ഉഗ്രനൊരു ഫേഷ്യല്‍ ക്രീം തയ്യാര്‍.
മുടി കൊഴിച്ചിലും പട്ടിന്റെ മൃദുത്വവുമില്ലാത്ത മുടിയുമാണ് മിക്ക സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നം. ഇതിന് രണ്ടിനുമുള്ള ഉത്തമ ഔഷധിയാണ് ഗ്രീന്‍ ടീ. ചൂടുവെള്ളത്തില്‍ കുറച്ച് ഗ്രീന്‍ ടീ ബാഗുകള്‍ പത്തോ പതിനഞ്ചോ മിനിറ്റ് ഇട്ടുവെക്കുക. ചൂടാറിയാലും രാത്രി മുഴുവന്‍ ബാഗുകള്‍ അതിലിട്ടുവെക്കണം. രാവിലെ ആ വെള്ളം ഉപയോഗിച്ച് മുടി കഴുകിയാല്‍ മുടിക്ക് നല്ല തിളക്കം കിട്ടും. തലയോട്ടി മസാജു ചെയ്താല്‍ താരനും പേന്‍ ശൈല്യവും മാറികിട്ടും. മുടി തഴച്ചു വളരുകയും ചെയ്യും.
















