ഈരാറ്റുപേട്ട: വാഗമണ്‍ റൂട്ടില്‍ ലൈനില്‍ പണി ചെയ്തുകൊണ്ടിരുന്ന ബി.എസ്.എന്‍.എല്‍.കരാര്‍ ജോലിക്കാരന്റെ മൊബൈല്‍ ഫോണും പോക്കറ്റില്‍ കിടന്ന പണവും ബൈക്കിലെത്തിയ സംഘം ബലമായി പിടിച്ചുപറിച്ച് കടന്നു കളഞ്ഞു. ബി.എസ്.എന്‍.എല്‍ കരാര്‍ ജോലിക്കാരനായ തീക്കോയി കൊട്ടാരത്തില്‍ ജോര്‍ജ് തോമസിനെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം മര്‍ദ്ദിച്ചതിനു ശേഷം പണവും മൊബൈലുമായി കടന്നുകളഞ്ഞത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് തീക്കോയ്‌ക്കു സമീപം മാവടിയിലാണ് സംഭവം. ലൈനില്‍ പണി ചെയ്തു കൊണ്ടിരുന്ന ജോര്‍ജ് തോമസിനോട് ബൈക്കിലെത്തിയ മൂന്നംഗ സംഘം വഴി ചോദിക്കാനെന്ന ഭാവത്തില്‍ അടുത്തുവരികയും ഇദ്ദേഹത്തിന്റെ ഇരു ചെകിടത്തും മര്‍ദ്ദിച്ചതിനു ശേഷം പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണും പണവുമായി കടന്നു കളയുകയായിരുന്നു. ഈരാറ്റുപേട്ട പൊലീസില്‍ പരാതി നല്‍കി. മോഷ്ടാക്കളെ മുന്‍പരിചയമില്ലെങ്കിലും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് ജോര്‍ജ് തോമസ് പറഞ്ഞു.
















