ഭരണഘടന 155 ഉം 156 ഉം അനുസരിച്ചാണ് ഗവര്‍ണര്‍മാരെ രാഷ്ട്രപതി നിയമിക്കുന്നത്. അവര്‍ ആ സ്ഥാനം വഹിക്കുന്നത് രാഷ്ട്രപതിയുടെ സംതൃപ്തിക്ക്/പ്രീതിക്ക് അനുസരിച്ചായിരിക്കുമെന്ന് 156-ാം അനുച്ഛേദം എടുത്ത് പറയുന്നുണ്ട്. പ്ലഷര്‍ ഡോക്ടറിന് എന്ന തത്വം നിയമവൃത്തങ്ങളില്‍ പരക്കെ അറിയപ്പെടുന്നതാണ്. ഇതനുസരിച്ച് ഒരു കാരണവും കാണിക്കാതെ തന്നെ രാഷ്ട്രപതിക്ക് ഗവര്‍ണര്‍മാരുടെ സേവനം അവസാനിപ്പിക്കാം. കോടതികള്‍ ചോദിച്ചാല്‍ പോലും കാരണം വ്യക്തമാക്കേണ്ടതില്ലെന്ന് നിരവധി സുപ്രീംകോടതി വിധികള്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ 2010 ലെ ബിപി ഷിങ്കാള്‍ കേസിനെ ആണയിട്ടുകൊണ്ട് ചിലര്‍ വാദങ്ങള്‍ ഉന്നയിക്കുന്നു. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷിക്ക് പ്രിയമില്ലാത്തവരാണെന്ന കാരണംകൊണ്ട് ഗവര്‍ണര്‍മാരെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലായെന്ന് ആ വിധി പരിശോധിക്കുന്നവര്‍ക്ക് വ്യക്തമായും മനസ്സിലാകും; സുപ്രീംകോടതി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതല്ലാതെ ഈ കാര്യത്തിലുള്ള രാഷ്ട്രപതിയുടെ പരമാധികാരം ഒരിക്കലും സംശയിച്ചിട്ടില്ലെന്ന്. ആ വിധിയിലെ 71-ാം ഖണ്ഡികയില്‍ രാഷ്ട്രപതിയുടെ പ്രീതി ഉപാധികള്‍ ഇല്ലാത്തതാണെന്നും ആ അധികാരം എപ്പോള്‍ വേണമെങ്കിലും കാരണം പോലും കാണിക്കാതെ വിനിയോഗിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ആകെ പറഞ്ഞത്, ഒരുപക്ഷെ ആദ്യമായി പറഞ്ഞത് ആ തീരുമാനം യുക്തമായ സന്ദര്‍ഭങ്ങളില്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കാം എന്നുമാത്രമാണ്. രാഷ്ട്രപതി അധികാരം വിനിയോഗിക്കുന്നത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചായിരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ ഭരണം മാറിയെന്നതുകൊണ്ട് മാത്രം ഗവര്‍ണര്‍മാരെ നീക്കാന്‍ അത് കാരണമാകില്ലെന്ന് മാത്രമാണ് സുപ്രീംകോടതി അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഗൗരവകരമായ സാമ്പത്തിക കുറ്റങ്ങളില്‍ അന്വേഷണം നേരിടുന്ന ഗവര്‍ണര്‍മാരെ ഭരണഘടനയുടെ പരിരക്ഷ പ്രയോജനപ്പെടുത്തിക്കൊണ്ട് ക്രിമിനല്‍ കുറ്റങ്ങളില്‍നിന്ന് ഒഴിവാക്കാം എന്നല്ല നമ്മുടെ ഭരണഘടന പറയുന്നത്. തികച്ചും രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ട് ഗവര്‍ണര്‍മാരായി നിയോഗിക്കപ്പെട്ടിട്ടുള്ളവരില്‍ ചിലര്‍ ഭരണഘടനയുടെ 361(2)അനുച്ഛേദത്തിന്റെ സംരക്ഷണം അനുഭവിക്കുന്നത് ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ആ സാഹചര്യം കണക്കിലെടുത്തുകൊണ്ട് രാഷ്ട്രപതി തന്നില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിക്കരുതെന്ന് ഒരു കോടതിയും ഇതുവരെ വിധി പ്രസ്താവിച്ചിട്ടില്ല.
മറിച്ച് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതി കേസുകളുടെ അന്വേഷണം സുഗമമാക്കാന്‍ കേന്ദ്രഗവണ്മെന്റില് നിക്ഷിപ്തമായ ചുമതലകള്‍ രാഷ്ട്രപതിയിലൂടെ നിര്‍വഹിക്കുന്നത് എങ്ങനെ ക്രമവിരുദ്ധമാകും? അങ്ങനെ ചെയ്തില്ലെങ്കില്‍ അല്ലേ അധാര്‍മികത പൊന്തിവരുന്നത്? ആ നിലയ്ക്ക് ആരോപണ വിധേയരായവര്‍ ഗവര്‍ണര്‍ പോലെയുള്ള ഒരു ഭരണഘടനാ പദവി വഹിക്കുന്നത് ഭരണഘടനയ്ക്ക് അനുസൃതമായി അവസാനിപ്പിക്കുന്നതില്‍ എങ്ങനെ തെറ്റ് കണ്ടെത്താനാവും? യുപിഎ സര്‍ക്കാര്‍ തികച്ചും രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് പിരിച്ചുവിട്ട നാല് ഗവര്‍ണര്‍മാര്‍ക്ക് വേണ്ടിയാണ് ഷിങ്കാള്‍ സുപ്രീംകോടതിയെ സമീപിച്ചത് ആ പിരിച്ചുവിടല്‍ കോടതി ശരിവയ്ക്കുകയാണ് ചെയ്തത്. അപ്പോള്‍ ഭരണഘടന നല്കുന്ന വ്യക്തമായ അധികാരം രാഷ്ട്രപതി വിനിയോഗിച്ചാല്‍ അത് നിയമവിരുദ്ധമാകും എന്നുപറയുന്നതിന് എന്താണ് യുക്തി.
യുക്തി ഇല്ലെന്ന് മാത്രമല്ല അത് ശരിയല്ലെന്ന് വാദിക്കുന്നവര്‍ക്ക് തങ്ങളുടെ വാദങ്ങള്‍ക്ക് ഉപോല്‍ബലകമായി യാതൊന്നും തന്നെ ചൂണ്ടിക്കാണിക്കാനില്ല. രാഷ്ട്രീയ നേതാക്കന്മാരായിരിക്കുമ്പോള്‍ നിരന്തരം നരേന്ദ്രമോദിയെ വ്യക്തിപരമായി പോലും അധിക്ഷേപിച്ചവര്‍, അദ്ദേഹം വരുന്നത് രാജ്യത്തിന് ആപത്താവുമെന്ന് പ്രചരിപ്പിച്ചവര്‍ അദ്ദേഹത്തിന്റെ കീഴില്‍ ഭരണഘടനാ പദവിയില്‍ തുടരുന്നത് ധാര്‍മികതയാണോ? അറ്റോര്‍ണി ജനറലും കമ്മീഷനുകളുടെ ചെയര്മാന്മാരും ചെയ്തതുപോലെ സ്വയം രാജിവെച്ച് മാതൃക കാണിക്കുന്നതല്ലെ ഭംഗി. കോണ്‍ഗ്രസ് സംസ്കാരം അനുസരിച്ച് സ്ഥാനമാനങ്ങള്‍ വലിച്ചെറിയാന്‍ വൈമുഖ്യം ഉണ്ടാകുന്നത് മനസ്സിലാക്കാം. പക്ഷേ തങ്ങള്‍ നഖശിഖാന്തം എതിര്‍ക്കുന്ന ഒരു സര്‍ക്കാരിന് കീഴില്‍ ആനുകൂല്യങ്ങള്‍ പറ്റി അധികാരം ആസ്വദിക്കുന്നത് മാന്യതയുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ചേരുന്ന പ്രവര്‍ത്തിയാണോ?
അതുകൊണ്ട് പിരിയുന്നതാണ് നല്ലത്; പിരിച്ചവിടീപ്പിക്കലല്ല.
അഡ്വ. കെ. രാംകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: