കൊച്ചി: ശീതീകരിച്ച ബസ്കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ജൂലൈയില്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് പി. കുന്നപ്പള്ളി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രോജക്ടാണിത്. തണല്‍ എന്ന പേരില്‍ ആരംഭിക്കുന്ന ശീതീകരിച്ച ബസ്കാത്തിരിപ്പു കേന്ദ്രങ്ങള്‍ പൊതുജനസേവനത്തിനൊപ്പം ജില്ലാ പഞ്ചായത്തിന്റെ വരുമാന വര്‍ദ്ധനവിനും ഉപകരിക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. മൂന്നു വശവും ഗ്ലാസ്സിട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ 15 പേര്‍ക്ക് ഇരിപ്പിടങ്ങളൊരുക്കും. ശുദ്ധജല സൗകര്യവും എറ്റിഎം കൗണ്ടറുകളും ന്യൂസ് പേപ്പര്‍ സ്റ്റാന്‍ഡും ക്രമീകരിക്കും.
അകത്തുള്ളവര്‍ക്ക് ബസ് വരുന്നത് കാണാവുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍. അകത്തുള്ളയാള് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റോപ്പിലുള്ള ചുവന്ന സിഗ്നല്‍ തെളിയുകയും ഡ്രൈവര്‍ക്ക് ബസ് നിര്‍ത്താന്‍ കഴിയുകയും ചെയ്യും. 25 കേന്ദ്രങ്ങള്‍ക്കായി 3 കോടി രൂപയാണ് കണക്കാക്കുന്നത്. ഒരു കേന്ദ്രത്തിന് ഒരു സെക്യൂരിറ്റിയുടെ സേവനവുമുണ്ടാകും. എല്ലാ നിയോജക മണ്ഡലത്തിലും ഒരു കാത്തിരിപ്പു കേന്ദ്രമെങ്കിലും ഉണ്ടാകും. ജില്ലാ പഞ്ചായത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തയിടങ്ങളില്‍ ഗ്രാമപഞ്ചായത്തധികൃതര്‍ സ്ഥലം ഏറ്റെടുത്തു നല്‍കണം.
ദേശസാല്‍കൃത ബാങ്കുകളുടെ എ.റ്റി.എം. കൗണ്ടറുകള്‍ തുടങ്ങുന്നതിന് ബാങ്കുകള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ജില്ലാ പഞ്ചായത്തിന് വരുമാന സാദ്ധ്യതയാകും. വര്‍ഷം 50 ലക്ഷം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. ആദ്യത്തെ കാത്തിരിപ്പു കേന്ദ്രം ജില്ലാ പഞ്ചായത്ത് കാര്യലയത്തിനു മുന്നിലാണ് തീര്‍ക്കുന്നത്. തണലിന്റെ ഡിസൈനിലും തീരുമാനമായി. ഒരു വര്‍ഷം കൊണ്ട് പ്രോജക്ട് പൂര്‍ത്തീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: