കൊച്ചി: അഭിഭാഷകരുടെ ഇടയില്‍ അഴിമതി കൂടുതലായി കാണപ്പെടുന്നുണ്ടെന്ന് ജസ്റ്റിസ് കമാല്‍ പാഷ. റോഡപകടങ്ങളില്‍ നല്കുന്ന നഷ്ടപരിഹാരത്തെക്കുറിച്ച് ഓള് കേരള ഇന്‍ഷുറന്‍സ് ലോയേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസ് നടത്താനായി കണക്ക് പറഞ്ഞ് ഫീസ് വാങ്ങുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ആര്‍ത്തി പാടില്ല. മോട്ടോര്‍ വാഹന അപകടങ്ങളിലെ നഷ്ടപരിഹാരത്തിന്റെ നല്ലൊരുഭാഗം ഫീസിനത്തില്‍ അഭിഭാഷകര്‍ കൈപ്പറ്റുന്നത് ഒഴിവാക്കേണ്ട പ്രവണതയാണ്. ജഡ്ജിമാര്‍ ശരിയായ രീതിയില്‍ നീതി നടപ്പാക്കിയാല്‍ മാധ്യമങ്ങളെ കുറ്റം പറയേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ജഡ്ജിമാര്‍ക്ക് ബോധമുണ്ടാവണം. മനുഷ്യനെന്ന നിലയില്‍ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ന്യായാധിപന്മാര് അറിയുകയും മനസ്സിലാക്കുകയും വേണം. അല്ലാതെ പത്രം വായിക്കാറില്ല, ശ്രദ്ധിക്കാറില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് പറയാന്‍ മാധ്യമങ്ങള്‍ക്ക്് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകരുടെ ഇടയിലെ അഴിമതി കുടുംബകോടതിയിലേക്കും കടന്ന് കയറിയിട്ടുണ്ട്. ഉഭയസമ്മതപ്രകാരമുള്ള വേര്‍പിരിയലിന് പോലും കക്ഷികളില്‍ നിന്ന് കനത്ത തുകയാണ് അഭിഭാഷകര്‍ ഈടാക്കുന്നത്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാന്‍ കഴിയാത്തവര്‍ ജഡ്ജിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോര്‍ വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ ജില്ലാ ജഡ്ജി തന്നെ വേണമെന്നില്ല. അതിസങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സിവില്‍ കേസുകളില്‍ മുന്‍സിഫുമാര്‍ തീര്‍പ്പ് കല്‍പ്പിക്കുന്നുണ്ട്. അതുപോലെ മോട്ടോര്‍ വാഹന അപകടത്തിലെ നഷ്ടപരിഹാരക്കേസുകള് മുന്സിഫുമാര്ക്ക് നല്‍കാവുന്നതാണ്. മുഴുവന്‍ സമയവും എംഎസിടി കേസുകള്‍ കൈകാര്യം ചെയ്യുന്ന ജഡ്ജിമാര്‍ക്ക് ഒരു മാസത്തില്‍ കുറഞ്ഞത് 500 കേസുകള്‍ തീര്‍പ്പാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് അഡ്വ. ഇ വി പൗലോസ് അധ്യക്ഷനായി. ഡോ. സി ജെ ഫിലിപ്പ്, വി സാജന്, സി ശിവാനന്ദന്, എസ് ഗിരിധരന് എന്നിവര്‍ സംസാരിച്ചു. അഡ്വ. ആര് അജിത്കുമാര്‍ വര്‍മ്മ സ്വാഗതവും അഡ്വ. കെ ബി രാമാനന്ദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: