441. മനോവാചാമഗോചരഃ – മനസ്സുംകൊണ്ടും വാക്കുകൊണ്ടും അറിയാനാകാത്തവന്
ഗുരുവായൂരപ്പനെ കുറിച്ചറിയാന്‍ ഈ രണ്ടും പോര. മനസ്സിനും വാക്കിനും ഭഗവാനെ അറിയാന്‍ പര്യാപ്തമായ കഴിവുകളില്ല. ഒരു വഴിയുണ്ട്. അനായാസമായി ആര്‍ക്കും സ്വീകരിക്കാവുന്ന മാര്‍ഗ്ഗം. ഭഗവാന് തന്നെ പറഞ്ഞതാണ് ഈ വഴി. “ഭക്ത്യാ ത്വനന്യയാ ശക്യ അഹമേവം വിധഃ” എന്ന് ഭഗവദ്ഗീതയിലെ വിശ്വരൂപ ദര്‍ശനയോഗത്തില്‍ ഭഗവാന് തന്നെ പറയുന്നു. (ഭ.ഗീ.11.54) അതുകൊണ്ടേ ഭഗവാനെ അറിയാനാകൂ. മനസ്സില്‍ ഭക്തി നിറയുമ്പോള്‍ ഭഗവാനെ കാണാം തൊടാം, ഭഗവാനെ സ്തുതിക്കാം.
ശ്ലോകം 97. ഛന്ദകഃ ഛന്ദകഃ ഛന്നഃ ഛായാകാരശ്ച ദീപ്തിമാന്‍
ജയോ ജയന്തോ വിജയോ ജഞ്ഞാപകഃ ജ്ഞാനവിഗ്രഹഃ
442.ഛന്ദകഃ -രക്ഷകന് നിര്‍വികാരമായ ബ്രഹ്മചൈതന്യം സൃഷ്ട്യന്മുഖമായപ്പോള് ത്രിഗുണങ്ങള്‍ ഉണ്ടായി. ത്രിഗുണങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ സൃഷ്ടിക്കധികാരിയായി ബ്രഹ്മദേവനും രക്ഷയ്ക്കധികാരിയായി വിഷ്ണുഭഗവാനും സംഹാരത്തിനധികാരിയായി ശിവനും ഉണ്ടായി. ബ്രഹ്മാവു സൃഷ്ടിക്കുന്നവയുടെയെല്ലാം സംരക്ഷകന്‍ വിഷ്ണുവായതുകൊണ്ട് ഭഗവാനെ രക്ഷകനാകയാല് ഛന്ദകന്‍ എന്നു സ്തുതിക്കുന്നു.
443. ഛന്ദനഃ – പ്രീതിപ്പെടുത്തുന്നവന്‍, ആനന്ദിപ്പിക്കുന്നവന്‍. ലൗകിക ജീവിതം സുഖവും ദുഃഖവും കലര്‍ന്നതാണ്. ഇവയ്ക്കു തമ്മിലുള്ള ബന്ധം നിഴലും വെളിച്ചവും തമ്മിലെന്നപോലെയുള്ള അവിനാഭാവ ബന്ധമാണ്. വെളിച്ചമുണ്ടെങ്കില്‍ നിഴലുമുണ്ട്. നിഴലില്ലെങ്കില്‍ വെളിച്ചവുമില്ല. അതുപോലെ സുഖമുണ്ടെങ്കില്‍ ദുഃഖവുമുണ്ട്. സുഖമില്ലെങ്കില്‍ ദുഃഖവുമില്ല. ജീവിതം എന്ന ദീര്‍ഘമായ ദുഃഖത്തില്‍ ചിലപ്പോഴൊക്കെ കിട്ടുന്ന ഇടവേളകളാണ് സുഖം എന്നുപറയാം. ലൗകിക ജീവിതത്തെ പൂര്‍ണമായി ഉപേക്ഷിച്ചാല്‍ പിന്നെ ദുഃഖം ഇല്ല എന്നുപറയാം. പക്ഷേ, അപ്പോള്‍ സുഖവും ഇല്ല എന്നുപറയേണ്ടിവരും.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: