439. ചിന്താതീതഃ – ചിന്തയ്ക്ക് അതീതനായവന്, ചിന്തിച്ചറിയാനാകാത്തവന്. ജ്ഞാനേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക്, കാത്, നാക്ക്, ത്വക്ക് എന്നിവയിലൂടെ ലഭിക്കുന്ന രൂപം, ഗന്ധം, ശബ്ദം, രസം, സ്പര്‍ശം എന്നിവയെക്കുറിച്ചുള്ള ബോധവും ആ ബോധത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചുണ്ടാക്കുന്ന അറിവും ചേര്‍ന്നതാണ് മനുഷ്യന്റെ ജ്ഞാനം. സൂര്യനെ കണ്ടിട്ടുള്ള മനുഷ്യന് കോടി സൂര്യപ്രഭമായ ഒരു ദേവരൂപം ഭാവനയില്‍ കാണാം. സിംഹത്തിന്റെ രൂപം കണ്ടിട്ടുള്ള ഒരാള്‍ക്ക് ചിന്താശക്തിയുണ്ടെങ്കില്‍ ഹിരണ്യകശിപുവിനെ കൊന്ന നരസിംഹമൂര്‍ത്തിയുടെ രൂപം ഭാവനയില്‍ കാണാം. ഇടിവെട്ടുന്ന ശബ്ദം കേട്ടിട്ടുള്ള ഒരാള്‍ക്ക് ബ്രഹ്മാണ്ഡങ്ങള്‍ നടുങ്ങിത്തെറിച്ചുപോകത്തക്കവണ്ണം ഭയങ്കരമായ നരസിംഹമൂര്‍ത്തിയുടെ ഗര്‍ജ്ജനവും സങ്കല്പ്പിക്കാന് കഴിഞ്ഞെന്നു വരാം. ഇതുപോലെ മറ്റു ജ്ഞാനേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന രുചി, ഗന്ധം, സ്പര്‍ശം തുടങ്ങിയവയും ഒട്ടൊക്കെ ചിന്തിച്ചറിയാം.
പക്ഷേ ഒരു മനുഷ്യന്റെ ചിന്തയ്ക്കും ഭാവനയ്ക്കും ഗുരുവായൂരപ്പനെ അറിയാന്‍ കഴിയുകയില്ല. നമ്മുടെ ഇന്ദ്രിയങ്ങളുടെ കഴിവ് പരിമിതമാണ്. ആ ഇന്ദ്രിയങ്ങളിലൂടെ ലഭിച്ച അറിവിന്റെ പരിമിതിയിലൂടെ ചിന്തിച്ചുണ്ടാക്കുന്ന അറിവും അപൂര്‍ണമായിരിക്കുമെന്നു തീര്‍ച്ച. ഭഗവാന്റെ കാല്നഖേന്ദുമരീചികളില് ഒന്നിന്റെ അത്യല്പമായ ഒരു സ്പുലിംഗമാണു സൂര്യന്. ഒരു സൂര്യനെനേരെ നോക്കാന്‍ കഴിവില്ലാത്ത മനുഷ്യന് കോടിസൂര്യപ്രദമായ ഭഗവദ്രുപം സാക്ഷാത്കരിക്കുന്നതെങ്ങനെ. സാക്ഷാത്കരിച്ചാല്‍ തന്നെ അതു ഭഗവാന്റെ തേജസ്സിന്റെ അല്പാംശമെങ്കിലുമാകുമെന്ന് എന്തുറപ്പ്?
ചിന്താതീതനായ ഭഗവാനെ മനുഷ്യന്റെ അല്പമാത്രമായ ബുദ്ധിയിലും ചിന്തയിലും ഒതുക്കാന്‍ ഒരു വിദ്യയേയുള്ളൂ. “ഭക്തി” എന്നാണ് ആ വിദ്യയുടെ പേര്. അതിനെക്കുറിച്ച് പിന്നീടു ചര്‍ച്ച ചെയ്യാം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: