ശ്ലോകം. 96. ഘനവര്ണ്ണോ ഘര്മ്മഭാനുഃ ഘടജന്മനമസ്കൃതഃ
ചിന്താതീതഃ ചിദാനന്ദഃ മനോവാചാമഗോചരഃ
436. ഘനവര്ണ്ണഃ – കാര്‍മുകിലിന്റെ നിറമുള്ളവന്. ഘനം-മേഘം. സന്ദര്‍ഭത്തില്‍ കാര്‍മേഘം എന്നു മനസ്സിലാക്കണം. കാര്‍മേഘംപോലെ ശ്യാമളമായ വര്‍ണ്ണമുള്ളവന്‍. ആകാശത്തില്‍ കാര്‍മുകില്‍ പരക്കുമ്പോള്‍ ഭൂമിയിലെ ചൂട് ഇല്ലാതാകുന്നു. ഗുരുവായൂരപ്പന്റെ കരിമുകില്‍ വര്‍ണമുള്ള തിരുവുടലിന്റെ സ്മരണ ഭക്തന്റെ മനസ്സിലുണ്ടായാല്‍ ഭക്തന് എല്ലാ താപങ്ങളില്‍നിന്നും മുക്തനാകും. തുടര്‍ന്നുണ്ടാകുന്ന കാരുണ്യാമൃതത്തിന്റെ പെരുമഴ പുണ്യപരിപാകമെന്ന ദിവ്യസസ്യങ്ങളെ ഭക്തന്റെ ഉളളില്‍ വളര്‍ത്തും. ജീവിതത്തില്‍ സുഖവും മരണാനന്തരം മോക്ഷവും ഉറപ്പാക്കാന്‍ ഘനവര്ണ്ണനെ ഭക്തിയോടെ ധ്യാനിക്കുകയേ വേണ്ടൂ.
437. ഘര്മ്മഭാനുഃ – സൂര്യന് (ഘര്മ്മം- ഉഷ്ണം. ഭാനു- പ്രകാശിക്കുന്നവന്‍. തന്റെ പ്രകാശവും ചൂടും കൊണ്ട് ലോകത്തെ സംരക്ഷിക്കുന്ന സൂര്യദേവന് ഗുരുവായൂരപ്പന്റെ വിഭൂതികളുടെ അല്പാംശമാണ്. ആ സൂര്യന് എല്ലാത്തിന്റെയും ഉത്പത്തിസ്ഥാനവുമാണ്. സൂര്യന്റെ പ്രകാശം തന്നെയാണ് ജീവികളില്‍ ജ്ഞാനമായി വര്‍ത്തിക്കുന്നത്. ബുദ്ധിയായി ജീവികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതും ഘര്മ്മഭാനുവായ ഗുരുവായൂരപ്പന് തന്നെ.
438. ഘടജന്മനമസ്തുതേഃ – കുടത്തില്‍ ജനിച്ചവനാല് നമസ്ക്കരിക്കപ്പെട്ടവന് എന്നു പദാര്‍ത്ഥം. കുടത്തില്‍ ജനിച്ച പലതും പുരാണങ്ങളില്‍ ഉണ്ടെങ്കിലും ഭഗവാനുമായി നേരിട്ടു ബന്ധപ്പെട്ടവരില്‍ പ്രമുഖര്‍ രണ്ടുപേരാണ്. അഗസ്ത്യമഹര്‍ഷിയും വസിഷ്ഠ മഹര്‍ഷിയും മിത്രന്റെയും വരുണന്റെയും വീര്യം ഉര്‍വശി കുടത്തില്‍ സൂക്ഷിച്ചിരുന്നതില്നിന്ന് ഈ രണ്ടു മഹര്‍ഷിമാരും ജനിച്ചതുകൊണ്ട് ഇരുവരേയും കുംഭസംഭവമെന്നും ഘടജന്മാക്കളെന്നും പറയാം. ഇരുവരും ഭഗവാനെ നമസ്ക്കരിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലുള്ളവ ഇവിടെ കുറിക്കുന്നില്ല. രാമാവതാരത്തില്‍ വസിഷ്ഠന് രാമന്റെ കുലഗുരുവാണ്. രാമരാവണയുദ്ധത്തില്്ര അഗസ്ത്യമഹര്‍ഷി ശ്രീരാമന്റെ തേരില്‍ പ്രത്യക്ഷനായി ആദിത്യഹൃദയമന്ത്രമുപദേശിച്ച് ശ്രീരാമനെ സഹായിക്കുന്നുണ്ട്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: