ക്ഷേത്രങ്ങളിലെ ധനമപഹരിക്കുന്നവര്‍ക്ക് അതിനുതക്ക ശിക്ഷ കിട്ടുക തന്നെ ചെയ്യും. സമയം നല്ലതാണെങ്കില്‍ ഉടനെയൊന്നും അറിയില്ല എന്നുമാത്രം. ഈ വള്ളിക്കാവു ക്ഷേത്രത്തിലെ ഒരു സംഭവം അമ്മയ്‌ക്കറിയാം. അമ്മ ഒരിക്കല്‍ അക്കരെ വീട്ടിലേക്കു പോകുമ്പോള്‍ കുറച്ചുമുന്നിലായി ഒരാള്‍ മൂത്രമൊഴിക്കാന്‍ നില്‍ക്കുന്നു. അമ്മ മാറിനിന്നു. വളരെ സമയം കഴിഞ്ഞിട്ടും ആളു മാറുന്നില്ല. അതുവഴി വന്ന ഒരാള്‍ അപ്പോള്‍ അമ്മയോടു വിവരം പറഞ്ഞുതന്നു. മൂത്രമൊഴിക്കാന്‍ നിന്ന മനുഷ്യന്‍ ആ ക്ഷേത്രത്തിലെ സമ്പത്തു മുഴുവന്‍ അപഹരിച്ചയാളാണ്. ക്ഷേത്രത്തിലെ നിത്യപൂജയ്‌ക്കു കുറച്ചു കാശു ചോദിക്കാന്‍ ചെന്ന പൂജാരിയെ അദ്ദേഹം ആക്ഷേപിച്ചുവിടുകയും ചെയ്തു. ക്ഷേത്രത്തിലെ പണംകൊണ്ട് ഇയാള്‍ ധനികനായി. മക്കള്‍ക്ക് ഉദ്യോഗവും മറ്റും കിട്ടി. അവസാനം എന്തുപറ്റിയെന്നോ? മക്കള്‍തന്നെ അച്ഛനെ വീട്ടില്‍ നിന്ന് ആട്ടിയിറക്കി. ഇന്നു താനേതു ക്ഷേത്രത്തിലെ സമ്പത്തപഹരിച്ചുവോ. ആ ക്ഷേത്രത്തിന്റെ തിണ്ണയിലാണു കിടക്കുന്നത്. അവിടുന്നു കിട്ടുന്ന നിവേദ്യച്ചോറാണു കഴിക്കുന്നത്. ഇപ്പോള്‍ അസുഖവുമായി മണിക്കൂറുകള്‍ നിന്നാല്‍മാത്രമേ ഇത്തിരി മൂത്രം പോവുകയുള്ളൂ.
-മാതാ അമൃതാനന്ദമയി ദേവി
















