നമ്മളില്‍ ഇളകിമറിഞ്ഞു ഇടതടവില്ലാതെ ഒഴുകുന്ന വിചാരങ്ങളെ നിയന്ത്രിക്കുകയും ഒരേയോരു കേന്ദ്രത്തിലേക്ക് ആ പ്രവാഹത്തെ തിരിച്ചുവിടുകയും ചെയ്താല്‍ വിചാരനദിയെ ഏറ്റവും ചുരുങ്ങിയ ഒരു നിലയിലേയ്‌ക്ക് സങ്കോചിപ്പിച്ചുവെന്ന് നമുക്കവകാശപ്പെടാവുന്നതാണ്. ഒഴുക്കിന്റെ ശക്തിയും ഘനമാനവും വീണ്ടും ചുരുക്കിച്ചുരുക്കി കേവലം ഏകാഗ്രമാക്കാനുള്ള നിരന്തര യത്‌നം കുറെക്കൂടി വിജയിച്ചാല്‍ ഒടുവില്‍ മനസ്സിനെത്തന്നെ നശിപ്പിക്കാവുന്ന ഒരു പതനത്തില്‍ നാം എത്തിച്ചേരുന്നതായിരിക്കും. ആ ഘട്ടത്തിലുണ്ടാവുന്ന അനുഭവം മനസ്സിന്നും ബുദ്ധിയ്‌ക്കും ഉപരിവര്‍ത്തിയായ ഒരു ലോകത്തിന്റെ അനുഭൂതിവിശേഷമായിരിക്കുകയും ചെയ്യും. ഇതാണ്, അപ്പോള്‍, വേദാന്തമാര്‍ഗ്ഗത്തിലൂടെയുള്ള ഗാഢവും നിരന്തരവുമായ ധ്യാനത്തിന്റെ കര്‍തൃനിഷ്ഠമായ പരിണിതഫലം.
സ്വാമി ചിന്മയാനന്ദന്‍
















