ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ഡേവിഡ് മോയസിനെ പുറത്താക്കി. ഈ സീസണില്‍ നിരാശാജനകമായ പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് മോയസിനെ പുറത്താക്കിയത്. കഴിഞ്ഞ ദിവസം എവര്‍ട്ടനെതിരായ മത്സരത്തില്‍ യുണൈറ്റഡ് 2-0ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് കോച്ചിനെ പുറത്താക്കാന്‍ ക്ലബ് അധികൃതര്‍ തീരുമാനിച്ചത്.
മോയസിന് പകരമായി ടീലെ മുതിര്‍ന്ന കളിക്കാരനായ റയാന്‍ ഗിഗ്സാണ് ഇടക്കാല പരിശീലകന്റെ വേഷമണിയുക. അടുത്ത സീസണിലേക്ക് ഡച്ച് പരിശീലകന്‍ ലൂയിസ് വാന്‍ ഗാല്‍, ബൊറൂസിയ പരിശീലകന്‍ ജര്‍ഗന്‍ ക്ലോപ്, പിഎസ്ജിയുടെ ലോറന്റ് ബ്ലാങ്ക്, അത്ലറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡിയേഗോ സിമിയോണി എന്നിവരെയാണ് ചുവന്ന ചെകുത്താന്മാര്‍ പരിഗണിക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം യുണൈറ്റഡ് അധികൃതര്‍ നല്‍കിയിട്ടില്ല.
ഈ സീസണിന്റെ തുടക്കത്തില്‍ സര്‍ അലക്സ് ഫെര്‍ഗൂസന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് ഡേവിഡ് മോയസ് നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക പദവി ഏറ്റെടുത്തത്. എന്നാല്‍ മികച്ച ഒരു വിജയം പോലും നേടാന്‍ കഴിയാതെ തപ്പിത്തടയുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ഏഴാം സ്ഥാനത്താണ്. വെയ്ന്‍ റൂണി, റോബിന്‍ വാന്‍പെഴ്സി എന്നീ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ടീമെന്ന നിലയില്‍ ഒത്തിണക്കം പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട് പുറത്തായ യുണൈറ്റഡ് ലീഗ് കപ്പിന്റെ സെമിയില്‍ സണ്ടര്‍ലാന്റിനോടും എഫ്‌എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ സ്വാന്‍സീ സിറ്റിയോടും പരാജയപ്പെട്ടു. കൂടാതെ ലീഗില്‍ ആദ്യ നാലിലെത്താന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് അടുത്ത ചാമ്പ്യന്‍സ് ലീഗിലും കളിക്കാനാകില്ല. 1995-96ന് ശേഷം ആദ്യമായാണ് ലീഗ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാതെ പുറത്താകുന്നത്.
അടുത്ത സീസണില്‍ യൂറോപ്പ ലീഗില്‍ പോലും മാഞ്ചസ്റ്ററിന് സ്ഥാനം ലഭിക്കാനിടയില്ലെന്ന നിലയാണ്. ലീഗിലെ ആദ്യ നാലുസ്ഥാനക്കാര്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടും. യൂറോപ്പ ലീഗിലേക്ക് പ്രീമിയര്‍ ലീഗില്‍ നിന്ന് മൂന്ന് പ്രതിനിധികളാണുള്ളത്. അഞ്ച്, ആറ് സ്ഥാനക്കാരും ലീഗ് കപ്പ് ജേതാക്കളുമാണ് യൂറോപ്പയിലേക്ക് യോഗ്യത നേടുക. പോയനൃ പട്ടികയില്‍ 14-ാം സ്ഥാനത്തുള്ള ഹള്‍ സിറ്റി കപ്പ് നേടിയതിനാല്‍ യൂറോപ്പയില്‍ കളിക്കണമെങ്കില്‍ മാഞ്ചസ്റ്ററിന് അഞ്ചോ ആറോ സ്ഥാനങ്ങളില്‍ ഒന്നിലെത്തണം. അതിനുള്ള സാധ്യത വിദൂരമാണുതാനും. പ്രീമിയര്‍ ലീഗില്‍ 34 മത്സരങ്ങള്‍ കളിച്ച യുണൈറ്റഡിന് 17 മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. 11 എണ്ണത്തില്‍ പരാജയപ്പെടാനായിരുന്നു മോയ്സസിന്റെ ടീമിന്റെ വിധി.
















