അബുദാബി: ബൗളര്‍മാരുടെ കരുത്തില്‍ ചെന്നെ സൂപ്പര്‍ കിംഗ്സിന് ആദ്യ വിജയം. ഐപിഎല്‍ ഏഴാം പതിപ്പിലെ രണ്ടാം മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 93 റണ്‍സിനാണ് ചെന്നൈക്ക് മുന്നില്‍ കീഴടങ്ങിയത്. അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ഈശ്വര്‍ പാണ്ഡെയുടെയും മികച്ച ബൗളിംഗാണ് ചെന്നൈക്ക് ആദ്യ വിജയം നേടിക്കൊടുത്തത്. മൂവരും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ പന്തെറിഞ്ഞ ഹില്‍ഫെനാഹസും മോഹിത് ശര്‍മ്മയും സ്മിത്തും തങ്ങളുടെ റോള്‍ കൃത്യമായി നിര്‍വ്വഹിച്ചു. മൂവരും ഓരോ വിക്കറ്റും സ്വന്തമാക്കി. ദല്‍ഹിയുടെ കള്‍ട്ടര്‍ നീല്‍ പരിക്കുകാരണം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതുമില്ല. മൂന്ന് മത്സരങ്ങള്‍ കളിച്ച ഡെയര്‍ ഡെവിള്‍സിന്റെ രണ്ടാം പരാജയമാണിത്. രണ്ട് മത്സരങ്ങള്‍ കളിച്ച ചെന്നൈയുടെ ആദ്യ വിജയവും. റണ്‍സ് നിരക്കില്‍ ചെന്നൈയുടെ ഏറ്റവും വലിയ വിജയമാണിത്. ആദ്യ മത്സരത്തില്‍ 200 ലേറെ റണ്‍സ് സ്കോര്‍ ചെയ്തിട്ടും രാജസ്ഥാന്‍ റോയല്‍സിനോട് ദയനീയമായി പരാജയപ്പെട്ട ചെന്നൈക്ക് ഇനിയുള്ള മത്സരങ്ങളില്‍ ഏറെ ഊര്‍ജം പകരുന്നതാണ് ഡെയര്‍ ഡെവിള്‍സിനെതിരായ ഈ വിജയം. അതേസമയം ആദ്യ മത്സരത്തില്‍ ബംഗളൂരുവിനോട് പരാജയപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കിയ ദല്‍ഹിക്ക് ഏറെ തിരിച്ചടിയായി ചെന്നൈക്കെതിരായ പരാജയം. മാന്യമായി ഒന്ന് പൊരുതാന്‍ പോലും കഴിയാതെയാണ് ദല്‍ഹി ചെന്നൈക്ക് മുന്നില്‍ കീഴടങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ റെയ്ന (56), ധോണി (32), ഡ്വെയ്ന്‍ സ്മിത്ത് (29), ഡുപ്ലെസിസ് എന്നിവരുടെ കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 177 റണ്‍സ് അടിച്ചുകൂട്ടി. 178 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഇന്നിംഗ്സ് 15.4 ഓവറില്‍ വെറും 84 റണ്‍സിന് അവസാനിച്ചു. 22 റണ്‍സെടുത്ത നീഷാം ആണ് ദല്‍ഹിയുടെ ടോപ് സ്കോറര്‍. നീഷാമിന് പുറമെ മൂന്നുപേര്‍ മാത്രമാണ് ദല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് (21), ജെ.പി. ഡുമ്നി (15), മുരളി വിജയ് (11) എന്നിവരാണ് രണ്ടക്കം കടന്നത്. ഒരുഘട്ടത്തില്‍ അഞ്ചിന് 73 എന്ന നിലയില്‍ നിന്നാണ് 84 റണ്‍സിന് അവര്‍ ഓള്‍ഔട്ടായത്. ചെന്നൈയുടെ സുരേഷ് റെയ്നയാണ് മാന്‍ ഓഫ് ദി മാച്ച്.
ഇന്ന് ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.
















