ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഡേവിഡ് മോയസിനെ പുറത്താക്കി. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. ഞായറാഴ്ച നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് എവര്‍ടണിനോട് പരാജയപ്പെട്ടിരുന്നു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ ഏഴാംസ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുകയാണ്.
അലക്‌സ് ഫെര്‍ഗുസന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് ഡേവിഡ് മോയസ് പരിശീലകനായെത്തിയത്. മോയസിനു കീഴില്‍ യുണൈറ്റഡിന് മെച്ചപ്പെട്ട ഒരു വിജയം പോലും നേടാനായിട്ടില്ല. നോര്‍വിച്ച് സിറ്റിയുമായി ശനിയാഴ്ച നടക്കുന്ന ഹോം മത്സരത്തില്‍ റയാന്‍ ഗിഗ്‌സായിരിക്കും യുണൈറ്റഡിന്റെ പരിശീലകന്‍. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ ആദ്യ നാലിലെത്താനാകാത്തതിനാല്‍ യുണൈറ്റഡിന് അടുത്ത ചാമ്പ്യന്‍സ് ലീഗ് സീസണില്‍ കളിക്കാനാകില്ല.
















